ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയതിൽ മുഖ്യ പങ്കാളിത്തം വഹിച്ചത് യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയതാണ്. കുട്ടികൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവായതിനാൽ ഇതുവരെ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയിരുന്നില്ല. എന്നാൽ 12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് ഉടൻതന്നെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി തുടങ്ങാനുള്ള ശുപാർശ നൽകിയിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. സ്കൂളുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നതിന് കുട്ടികൾക്കു കൂടി പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതാണ് ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനിടെ ഇംഗ്ലണ്ടിലെ 12 മുതൽ 15 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു. ഫൈസർ – ബയോടെക് വാക്സിൻ നൽകാനാണ് നിലവിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വാക്സിൻ നൽകുന്നതിന് മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യമാണ് . ചീഫ് മെഡിക്കൽ ഓഫീസറുടെ ശുപാർശ പിന്തുടർന്ന് വാക്‌സിൻ നൽകാനുള്ള തീരുമാനം ഇംഗ്ലണ്ട് കൈക്കൊണ്ടിട്ടുണ്ടെങ്കിലും സ് കോട് ലൻഡും, വെയിൽസും, നോർത്ത് അയർലൻഡും ഈ വിഷയത്തിൽ തീരുമാനം ഒന്നും കൈക്കൊണ്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

12 വയസ്സു മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വൈറസ് ബാധയിൽ നിന്നുള്ള അപകട സാധ്യത വളരെ കുറവാണ് എന്നതാണ് ഒരു കാരണം. അതോടൊപ്പം ഡെൽറ്റാ വേരിയന്റിൻെറ ആവിർഭാവത്തോടെ വാക്സിനുകൾ വൈറസ് ബാധ തടയുന്നതിൽ ആദ്യകാലത്തെ പോലെ ഫലപ്രദമല്ലന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗം ബാധിച്ചത് മൂലം പകുതിയിലധികവും സെക്കൻഡറി സ്കൂൾ തലത്തിലുള്ള കുട്ടികൾക്ക് ആർജ്ജിത പ്രതിരോധശേഷിയെ നേടിയിട്ടുണ്ട് എന്ന അഭിപ്രായവും ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.