ആലുവ∙ കോവിഡ് രോഗഭീതിയും തൊഴിലില്ലായ്മയും വർധിച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിടുന്നു. ഒരാഴ്ചയായി ഉറങ്ങിക്കിടന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൻ തിരക്ക്. ഗുവാഹത്തി, ഹൗറ എക്സ്പ്രസുകളിലും ചെന്നൈ മെയിലിലും കാലുകുത്താൻ ഇടമുണ്ടായിരുന്നില്ല.

എറണാകുളത്തുനിന്നു കയറിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ ആലുവയിൽ എത്തിയപ്പോൾ കൂടുതൽ പേർ കയറാതിരിക്കാൻ വാതിലുകൾ അകത്തുനിന്നടച്ചതു സംഘർഷത്തിനിടയാക്കി. ആർപിഎഫ് ഇടപെട്ടു വാതിൽ തുറപ്പിച്ചു.

തിരക്കു മൂലം ഗുവാഹത്തി, ഹൗറ എക്സ്പ്രസുകളിൽ കയറിപ്പറ്റാൻ കഴിയാത്തവരാണ് ചെന്നൈ മെയിലിൽ പോയത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കു കുറച്ചുനാളായി പണി കുറവാണ്‌. നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പുകൾക്കിടെയാണ് കോവിഡ് ഭീതി പടർന്നത്.

യാത്രയ്ക്ക് അണുമുക്ത ബസുകളും ട്രെയിനുകളും

  സ്വന്തം നാട്ടുകാർക്ക് മുഴുവൻ കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്ത് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു; നന്മയ്ക്ക് കൈയ്യടിച്ച് തെലുങ്ക് സിനിമ ലോകവും സോഷ്യൽ മീഡിയയും

തിരുവനന്തപുരം ∙ കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസുകളും ട്രെയിനുകളും അണുമുക്തമാക്കാനുള്ള നടപടികൾ തുടങ്ങി. ബസുകൾ യാത്ര ആരംഭിക്കും മുൻപാണു വൃത്തിയാക്കുന്നത്. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് തറ കഴുകി വൃത്തിയാക്കുകയും സീറ്റും കമ്പികളും ജനലിന്റെയും വാതിലിന്റെയും ഭാഗങ്ങളും അണുനാശിനികൾ സ്പ്രേ ചെയ്തു തുടയ്ക്കുകയുമാണു ചെയ്യുന്നത്. ഇതിനു ജീവനക്കാരെ നിയോഗിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

യാത്ര പുറപ്പെടും മുൻപ് ട്രെയിനുകളുടെ അകത്തും പുറത്തും അണുനാശിനികൾ സ്പ്രേ ചെയ്യുന്നതായി ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. ട്എസി കോച്ചുകളിൽ കമ്പിളിപ്പുതപ്പു വിതരണം ഒരു മാസത്തേക്കു നിർത്തി. ആവശ്യമെങ്കിൽ കോച്ച് അറ്റൻഡന്റിനോടു ചോദിച്ചു വാങ്ങാം. എസി കോച്ചുകളിലെ കർട്ടനുകൾ നീക്കം ചെയ്തു തുടങ്ങി. ജീവനക്കാർക്കു മാസ്ക് നൽകി.