ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർക്കുള്ള പിസിആർ ടെസ്റ്റുകൾ ഒഴിവാക്കാൻ തീരുമാനമായി. ഇംഗ്ലണ്ടിൽ ജനുവരി 11 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വെയിൽസിലും സ്‌കോട്ട്‌ലൻഡിലും ഈ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരും. നോർത്തേൺ അയർലണ്ടും സമാന നിയമം പിന്തുടരും. നിലവിൽ, ലാറ്ററൽ ഫ്ലോ ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവ് ആകുന്നവർ ഫലം സ്ഥിരീകരിക്കാനായി ഒരു ഫോളോ-അപ്പ് പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്നാൽ ഈ നയത്തിൽ മാറ്റം വരുത്താൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സമ്മതം അറിയിച്ചു. ഇനി രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആകുന്നവർ ഫോളോ-അപ്പ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. എന്നാൽ ഇവർ ലാറ്ററൽ ഫ്ലോ ടെസ്‌റ്റിൽ പോസിറ്റീവ് ആയ തീയതി മുതൽ തുടർന്നുള്ള ഏഴു ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിസിആർ ടെസ്റ്റിന്റെ ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഈ മാറ്റം എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാണ്. കോവിഡ് ലക്ഷണങ്ങളുള്ള ആളുകളോട് അവരുടെ ലാറ്ററൽ ഫ്ലോ ഫലം പരിഗണിക്കാതെ തന്നെ പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടും. ഇന്ന് പ്രഖ്യാപിച്ച മാറ്റം താത്കാലികമാണ്. ഒമിക്രോൺ വ്യാപനം കുറയുമ്പോൾ പിസിആർ പരിശോധനകൾ തിരികെ കൊണ്ടുവരും. വ്യാപനം ഏകദേശം ഒരു ശതമാനമോ അതിൽ താഴെയോ എത്തുമ്പോൾ പിസിആർ പരിശോധന തിരികെ കൊണ്ടുവരും. നിലവിൽ വ്യാപന തോത് നാല് ശതമാനത്തിന് മുകളിലാണ്. ഒമിക്രോണ്‍ വ്യാപകമായതോടെ ഇനി കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന നിലയിലേക്ക് ബ്രിട്ടന്‍ എത്തുകയാണ്. മാത്രമല്ല ഒമിക്രോൺ മാരകമായ വകഭേദം അല്ലെന്നും തെളിഞ്ഞിട്ടുണ്ട്.

അതിനാൽ, യുകെയിലേക്ക് മടങ്ങുന്ന യാത്രക്കാർ ഇനി പുറപ്പെടുന്നതിന് മുൻപ് പരിശോധന നടത്തേണ്ടെന്ന പ്രഖ്യാപനവും സർക്കാരിൽ നിന്ന് ഉണ്ടായേക്കും. ഇംഗ്ലണ്ടിലേക്ക് മടക്കയാത്ര നടത്തുമ്പോൾ ആവശ്യമായിരുന്ന പ്രീ-ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റ്‌ ഈയാഴ്ച റദ്ദാക്കും. പ്ലാൻ ബി നടപടികളുടെ ഭാഗമായിരുന്ന യാത്രാ നിബന്ധന ഈയാഴ്ച മന്ത്രിമാർ പുനഃപരിശോധിച്ച ശേഷമാകും മാറ്റം വരുത്തുക. നാട്ടിൽ നിന്ന് മടങ്ങുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ മാറ്റം വലിയ ആശ്വാസമാകും. കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിക്കഴിഞ്ഞതിനാൽ പ്രീ-ഡിപ്പാർച്ചർ ടെസ്റ്റും പിസിആർ ടെസ്റ്റും ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു.