തുടക്കത്തില്‍ തിരിച്ചറിയുകയും ചികില്‍സ തേടുകയും ചെയ്താല്‍ കോവിഡിനെ പേടിക്കേണ്ടെന്ന് സംസ്ഥാനത്ത് ആദ്യം രോഗത്തെ അതിജീവിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി. രോഗം സ്ഥിരീകരിച്ചശേഷവും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായില്ല. അഞ്ചുദിവസത്തിനകം പനിയും തൊണ്ടവേദനയും മാറി. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പാലിച്ചതാണ് ഗുണകരമായതെന്നും അവര്‍ പറഞ്ഞു.
‘ചൈനയിൽ നിന്നു വരുന്നതായതുകൊണ്ട് എന്തെങ്കിലും ലക്ഷണം കാണുന്നുണ്ടെങ്കിൽ അറിയിക്കണമെന്ന നിർദേശം ലഭിച്ചിരുന്നു. അതിനാൽ ഞാൻ വീട്ടിൽത്തന്നെയായിരുന്നു. ചെറിയൊരു തൊണ്ടവേദനയും ചുമയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതു കണ്ടപ്പോൾത്തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഉടൻ വീട്ടിലേക്ക് ആംബുലൻസ് വന്ന് ആശുപത്രിയിൽ കൊണ്ടുപോയി.
തൊണ്ടവേദന ഉള്ളതുകൊണ്ട് ആശുപത്രിയിൽ അതിനുള്ള ചികിത്സ നൽകി. പിറ്റേ ദിവസം രക്തസാംപിളുകളും തൊണ്ടയിൽ നിന്നെടുത്ത സ്രവവുമെല്ലാം പരിശോധനയ്ക്ക് അയച്ചു. 30നാണ് അതിന്റെ റിസൽട്ടു വന്നത്.
തുടക്കത്തിൽതന്നെ ആശുപത്രിയിൽ പോയി മരുന്നു കഴിച്ചതുകൊണ്ടാണോ എന്നറിയില്ല വേറേ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഉണ്ടായിരുന്ന തൊണ്ടവേദനയും ചുമയും മരുന്ന് കഴിച്ച് മാറുകയും ചെയ്തു.
കൃത്യമായ ചികിത്സ കിട്ടിയാൽ ജലദോഷപ്പനി പോലെതന്നെ മാറ്റി എടുക്കാവുന്ന ഒന്നാണ് ഇതും. നമുക്ക് ഒരു ബുദ്ധിമുട്ട് തോന്നുമ്പോൾതന്നെ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഗുരുതരമാകുന്നതിനു മുൻപു ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളു.
അഞ്ചു ദിവസം മാത്രമേ എനിക്ക് മരുന്ന് ഉണ്ടായിരുന്നുള്ളു. 25 ദിവസം ആശുപത്രിയിൽ ഐസൊലേഷനിലായിരുന്നു. എന്റെ രോഗം മുഴുവൻ മാറിയതിനു ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.
ചൈനയിൽ നിന്നു വന്നപ്പോൾതന്നെ ഇവിടെയുള്ള ഡിസ്പെൻസറിയിൽ അറിയിക്കണമെന്ന നിർദേശം നൽകിയിരുന്നു. അവിടെ എത്ര ദിവസം താമസിച്ചിരുന്നു തുടങ്ങിയ പൂർണവിവരങ്ങളും എയർപോർട്ടിൽ നൽകി. വീട്ടിൽ വന്ന് അടുത്തദിവസംതന്നെ ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയ്തു. അതിനുശേഷം വിവരങ്ങൾ കൊടുത്ത എയർപോർട്ടിൽ നിന്നും എന്നെ ബന്ധപ്പെട്ടിരുന്നു. നാട്ടിലുള്ള ഹെൽത്ത് ഇൻസ്പെക്ടറും ദിവസവും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.
ലക്ഷണങ്ങൾ കാണുമ്പോൾതന്നെ ചികിത്സിച്ചാൽ നമ്മളിൽ നിന്നു മറ്റൊരാളിലേക്ക് പകരുന്നത് ഒഴിവാക്കാം. അതുതന്നെയാണ് ഏറ്റവും പ്രധാനവും.
രോഗബാധിത മേഖലയിൽ നിന്നു വരുന്നവർ 28 ദിവസം വീട്ടുകാരുമായി സമ്പർക്കം പാടില്ലാതെ ഒറ്റയ്ക്ക് ഒരു റൂമിൽ താമസിക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിരുന്നു. അതുകൊണ്ടുതന്നെ മാസ്ക് ധരിച്ച് വീട്ടിൽ ഒറ്റയ്ക്ക് ഒരു റൂമിൽ കഴിയുകയാണ് ഉണ്ടായത്. വേറേ ആരുമായും സമ്പർക്കം ഉണ്ടായില്ല. അതുകൊണ്ടുതന്നെ വീട്ടിലോ പരിസരത്തോ ഉള്ള ആർക്കും രോഗം ബാധിച്ചില്ല. ക്വാറന്റൈൻ നിരീക്ഷണങ്ങൾ കൃത്യമായി പാലിച്ചതുകൊണ്ടാണ് രോഗപ്പകർച്ച ഉണ്ടാകാഞ്ഞത്.
സാധാരണ പനിക്ക് ഉണ്ടാകുന്നതുപോലെയുള്ള ലക്ഷണങ്ങളാണെങ്കിലും അനുഭവപ്പെടുന്ന ബുദ്ധിമുട്ടിൽ വ്യത്യാസം തോന്നിയിരുന്നു. തൊണ്ടയിൽ നല്ല ഇറിറ്റേഷനുംവരണ്ട ചുമയുമായിരുന്നു. ചൈനയിൽ നിന്നു വന്നതുകൊണ്ട് ഒരു പേടിയുമുണ്ടായിരുന്നു.
ആരോഗ്യവകുപ്പും ഡോക്ടർമാരും നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട സാഹചര്യമേ ഇല്ല. പുറത്തു നിന്നു വരുന്ന ആളാണെങ്കിൽ, നമുക്കു വേണ്ടിയും മറ്റുള്ള ജനങ്ങൾക്കു വേണ്ടിയും 28 ദിവസം ഒറ്റയ്ക്കു താമസിക്കുക. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അപ്പോൾതന്നെ ആരോഗ്യവകുപ്പിനെ അറിയിക്കുക. ബാക്കി കാര്യങ്ങളെല്ലാം അവർ നോക്കിക്കോളും.’
Leave a Reply