ഉറ്റവരെക്കുറിച്ചും പുറംലോകത്തെക്കുറിച്ചും ഒരുവിവരവുമില്ലാതെ രണ്ടര മാസം നീണ്ട ഉറക്കം, ശരിക്കും പറഞ്ഞാല്‍ കോമയില്‍ തന്നെ. അങ്ങനെ ആറാഴ്ച. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു. കോവിഡ് ബാധിച്ച് 102 ദിവസത്തോളം ന്യൂയോര്‍ക്കിലെ ആശുപത്രി കിടക്കയില്‍ തള്ളിനീക്കിയതിനെ കുറിച്ച് പറയുമ്പോള്‍ കുമ്പനാട് സ്വദേശി പാസ്റ്റര്‍ ബഞ്ചമിന്‍ തോമസിന് ഉള്ളില്‍ ചെറിയ ഭയം വന്ന് നിറയും.

ചര്‍ച്ചില്‍ സംഘടിപ്പിച്ച 21 ദിവസം നീണ്ട പ്രാര്‍ഥനാ യോഗങ്ങളുടെ അവസാനത്തെ ആഴ്ചയിലാണ് ബഞ്ചമിന് ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് രോഗികള്‍ നിറഞ്ഞ് കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്‌സ് നല്‍കി ബഞ്ചമിനെ ഡോക്ടര്‍ വീട്ടിലേക്കയച്ചു.

എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാണു യാത്രയാക്കിയത്. പനി കൂടുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. എത്തി അഞ്ചു മിനിറ്റിനുള്ളില്‍ തളര്‍ന്നുവീണു. ഉടനെ വെന്റിലേറ്ററിലേക്കു മാറ്റി.

ദിവസം കഴിയുന്തോറും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ബെഞ്ചമിന്റെ തൊട്ടടുത്ത കിടക്കയിലുള്ള പലരും മരിച്ചു. മൃതദേഹങ്ങള്‍ ഗാര്‍ബേജ് ബാഗുകളിലേക്ക് മാറ്റി പുറംതള്ളുന്നതിന് ഒരുക്കുകയായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. രോഗം കുറയുന്നില്ലെന്ന് മനസ്സിലായതോടെ ബെഞ്ചമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു.

മൂന്നു പ്രാവശ്യം ആംബുലന്‍സ് വന്നതാണു കൊണ്ടു പോകാന്‍. ഓരോ പ്രാവശ്യവും വെന്റിലേറ്ററില്‍ നിന്നെടുത്ത് സ്ട്രക്ചറിലേക്കു മാറ്റാന്‍ സാധിക്കുന്നില്ല. ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങള്‍. മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൗണ്ട് സയോണ്‍ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും റിസ്‌കെടുത്ത് ആംബുലന്‍സില്‍ കയറ്റി. നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.

അവിടെ ആശുപത്രിയില്‍ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടര്‍ കാത്തിരുന്നു. അവിടെ എത്തിച്ചു തന്നാല്‍ ബാക്കി നോക്കാമെന്ന് വാക്കു നല്‍കിയത് മൗണ്ട് സയോണിലെ മലയാളി ഡോക്ടര്‍ റോബിന്‍ വര്‍ഗീസാണ്. 45 മിനിറ്റില്‍ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററില്‍ കോമയില്‍ കിടക്കുകയാണ്.

നീണ്ട കാലത്തെ ചികിത്സയ്ക്കിടെ വീണ്ടും ആരോഗ്യനില വഷളായി. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നുവരെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ബെഞ്ചമിന്റെ തിരിച്ചുവരവ്. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി.

രണ്ടാഴ്ചകൊണ്ട് നടക്കാന്‍ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്‌സി വന്ന് സംസാരിക്കുകയും പ്രാര്‍ഥിക്കുകയുമെല്ലാം ചെയ്തതു മാനസികമായി നല്ല പിന്തുണ നല്‍കി.

ഇതിനിടെ ഭാര്യയ്ക്കും പ്രശ്‌നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു. കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ടെങ്കിലും ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്. രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ തനിക്കുവേണ്ടി നിരവധി പേര്‍ പ്രാര്‍ഥിച്ചെന്ന് അറിയാന്‍ സാധിച്ചു. എല്ലാവരോടും നന്ദി പറയുകയാണ് കോവിഡിനോട് പൊരുതി വിജയിച്ച ബെഞ്ചമിന്‍.