പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുവന്നപ്പോള്‍ ദിലീപിന് അനുകൂല മുദ്രാവാക്യം വിളിയുമായി എത്തിയത് ഫാന്‍സ് അല്ലെന്ന് പൊലീസ് കണ്ടെത്തി. നഗരത്തിലെ ഒരു ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണ് ദിലീപിന് അനുകൂലമായ മുദ്രാവാക്യം വിളികള്‍ അരങ്ങേറിയത്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ആലുവ സബ് ജയിലിലേക്ക് തിരികെ കൊണ്ടുവരുമ്പോഴായിരുന്നു ദിലീപിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിച്ചവര്‍ക്ക് പെരുമ്പാവൂരിലെ ഒരു യുവ നിര്‍മാതാവിന്റെ പിന്തുണയും ഉണ്ടായിരുന്നതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. പൊലീസിനെതിരായും ദിലീപിന് അനുകൂലവുമായിട്ടായിരുന്നു ജയിലിന് മുന്നിലെ മുദ്രാവാക്യം വിളികള്‍. പൊലീസിനും മാധ്യമങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ ജനകീയ വേദി എന്ന സംഘടന രൂപീകരിക്കാനും നഗരത്തില്‍ പ്രകടനം നടത്താനും ശ്രമം നടന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇവരെ പ്രേരിപ്പിച്ചതാരാണെന്നും ഇതിനുവേണ്ടി പണം മുടക്കുന്നതാരാണെന്നും പൊലീസ് അന്വേഷിക്കും.വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ യുവജന വിഭാഗത്തെ മുന്നില്‍ നിര്‍ത്തി നഗരത്തില്‍ പ്രകടനം നടത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നു എങ്കിലും വേണ്ടത്ര ആളെ സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.