സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഐ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇടതുപക്ഷത്തെ ഘടകക്ഷിയായ സിപിഐ സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. മാഫിയകളും ലോബികളും ഇടതുപക്ഷ പ്രകടനപത്രികയ്‌ക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം. കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിൽ വിമർശിച്ചിരിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം. നേരത്തെയും സർക്കാരിനെതിരെ സിപിഐ മുഖപത്രം രംഗത്തെത്തിയിരുന്നു.

കേരളത്തിൽ പ്രൈസ് വാട്ടേഴ്‌സ് കൂപ്പർ, കെപിഎംജി ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഒഴിവാക്കാൻ കവിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നത്. പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട-ചെറുകിടക്കാർക്ക് മറിച്ചുകൊടുത്ത് കമ്മീഷൻ വാങ്ങിച്ചുമാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്. ഇതെല്ലാം ഇടത് സർക്കാർ ഒഴിവാക്കേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു. സ്വർണക്കടത്തിനെ വെറുമൊരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നതായും സിപിഐ മുഖപത്രത്തിൽ പറയുന്നു.

മന്ത്രി കെ.ടി.ജലീലിനെയും മുഖപത്രത്തിൽ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. ചിലർ ചട്ടംലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നാണ് മുഖപത്രത്തിൽ പറയുന്നത്. കേന്ദ്ര ചട്ടം ലംഘിച്ചാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ, ഐടി വകുപ്പിനെ രൂക്ഷമായി വിമർശിച്ചുള്ള സിപിഐ മുഖപത്രത്തിന്റെ എഡിറ്റോറിയൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു. കേസില്‍ ഏത് ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും സഹായങ്ങളും കണ്ടെത്തണമെന്നും സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഐടി വകുപ്പ് ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷിനെ ഉടൻ തന്നെ പുറത്താക്കി. എന്നാൽ, ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കൂടുതൽ കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് സ്വർണക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും പാർട്ടി മുഖ്യപത്രത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടണമെന്നും അതിനുവേണ്ടി സമഗ്രമായ അന്വേഷണം നടക്കണമെന്നും ജൂലെെ എട്ടിലെ ജനയുഗം എഡിറ്റോറിയലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രിയെ പൂർണമായി വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് സിപിഎമ്മിന്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ സിപിഎം തള്ളിപറയുകയും ചെയ്‌തിരുന്നു.