ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധ ചക്ര സ്തംഭന സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. സംസ്ഥാനത്തെ നിരത്തുകള്‍ സ്തംഭിപ്പിക്കും. ജൂണ്‍ 21നാണ് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകള്‍ സ്തംഭിപ്പിക്കാനാണ് തീരുമാനം. യാത്ര ചെയ്യുന്ന വാഹനങ്ങള്‍ 11 മണിക്കു എവിടെയാണോ നില്‍ക്കുന്നത് അവിടെ നിര്‍ത്തിയിടണം. സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കേന്ദ്രത്തിന് എതിരായാണ് പ്രതിഷേധം.

കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആന്ദന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പണം വേണ്ട സമയമാണ്. മരം കുലുക്കിയാല്‍ കാശ് വീഴില്ലല്ലോ എന്നും ആനത്തലവട്ടം തിരുവനന്തപുരത്ത് പറഞ്ഞു.