കലാലയത്തിലെ അക്രമരാഷ്ട്രീയത്തിന്‍റെ ജീവിച്ചിരുന്ന രക്തസാക്ഷിയാണ് സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983 ഒക്ടോബര്‍ 14നാണ് സൈമണ്‍ ബ്രിട്ടോ ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന അദ്ദേഹത്തിന്‍റെ ശേഷകാല ജീവിതം വീല്‍ച്ചെയറിലായിരുന്നു. ആ ചക്രക്കസേരയില്‍ ഇരുന്നുകൊണ്ടും സൈമണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായി തുടര്‍ന്നു. 2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ സെക്രട്ടറി, എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതിജീവനത്തിന്‍റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്നു സൈമൺബ്രിട്ടോ. തികച്ചും അപ്രതീക്ഷിതമാണ് ധീര സഖാവിന്‍റെ വിയോഗം . സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനാകെയും തീരാനഷ്‌ടം. പിന്തിരിപ്പൻ ശക്തികളുടെ കുത്തേറ്റ് അരയ്‌ക്കു കീഴെ തളർന്ന് വീൽച്ചെയറിൽ ജീവിച്ച ബ്രിട്ടോ പോരാട്ടവീര്യത്തിന്‍റെ മറുപേരാണ്. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കെഎസ്‌യുക്കാരുടെ കിരാതാക്രമണത്തിന് ഇരയായത്. ഹൃദയം, കരൾ, നട്ടെല്ല്, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം ആക്രമണത്തിൽ പരിക്കേറ്റു.
എന്നിട്ടും ആ പോരാളി തളർന്നില്ല. ഊർജ്ജം പ്രസരിപ്പിക്കുന്ന സാന്നിധ്യമായി എപ്പോഴും നിലകൊണ്ടു. വിപ്ലവപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ പ്രചോദിപ്പിക്കുന്ന ജീവിതമായി. എല്ലാ പരിമിതികളും മറികടന്ന് രാഷ്‌ട്രീയ‐ സാമൂഹ്യ സാംസ്‌കാരികരംഗങ്ങളിൽ സജീവമായിരുന്നു. ഒരു നിമിഷം പോലും വെറുതെയിരിക്കാൻ തയ്യാറാകാത്ത ബ്രിട്ടോ എഴുത്തും വായനയും വളരെ ഗൗരവത്തോടെ കൂടെ കൊണ്ടുനടന്നു.
ഈയടുത്ത കാലത്താണ് അദ്ദേഹം തളരാത്ത മനസ്സുമായി അദ്ഭുതയാത്ര നടത്തിയത്. വീല്‍ച്ചെയറും യൂറിന്‍ ബോട്ടിലുമായി നടത്തിയ ഭാരതപര്യടനത്തില്‍ 18,000 കിലോമീറ്ററാണ് ബ്രിട്ടോ താണ്ടിയത്. നാലരമാസക്കാലം രാജ്യത്തിന്‍റെ ഹൃദയവീഥികളിലൂടെ അദ്ദേഹം യാത്രനടത്തി. പട്ടിണിപ്പാവങ്ങളുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞും വഴിയോരങ്ങളില്‍ അന്തിയുറങ്ങിയും അദ്ദേഹം ഇന്ത്യയെ അടുത്തറിഞ്ഞു. തളര്‍ന്ന ശരീരത്തിന്‍റെ വേദനകള്‍ ചിലപ്പോഴെല്ലാം അദ്ദേഹത്തെ അലട്ടിയെങ്കിലും പിന്മാറാകാതെ പര്യടനം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. 138 ദിവസങ്ങളിലായി 18 സംസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം യാത്ര നടത്തിയത്. അതും പഴയൊരു അംബാസഡര്‍ കാറിലായിരുന്നു ബ്രിട്ടോയുടെ അദ്ഭുത യാത്ര. ഈ യാത്രാനുഭവങ്ങള്‍ സമാഹരിച്ചുകൊണ്ടുളള യാത്രാവിവരണം തയ്യാറാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ആക്സ്മികമായ വേര്‍പാട്.
പതറാത്ത മനസ്സും പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയുമായി പ്രവർത്തിച്ച ബ്രിട്ടോ ഓരോ കമ്മ്യൂണിസ്‌റ്റുകാരനും ആവേശവും പ്രചോദനവുമായിരുന്നു. ജീവിതം സമർപ്പിച്ച പ്രസ്ഥാനം നൽകിയ എല്ലാ ചുമതലകളും ഒരു പരാതിയുമില്ലാതെ ഏറ്റെടുക്കുകയും കൃത്യമായി നിർവഹിക്കുകയും ചെയ്‌തു. പുതുതലമുറയ്‌ക്ക് ആവേശം പകർന്നു കൊടുക്കാനും അവർക്ക് രാഷ്‌ട്രീയ ദിശാബോധം നൽകാനും എപ്പോഴും ശ്രദ്ധിച്ചു. ആ വീര സഖാവിന്‍റെ സ്‌മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
Leave a Reply