കെവിൻ വധക്കേസിൽ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം. പ്രതികളുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ല എന്നതും കണക്കിലെടുത്താണ്. വധശിക്ഷ ഒഴിവാക്കിയത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചു.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പ്രതികൾക്കും കൊലപാതകം തട്ടിക്കൊണ്ടു പോയി വിലപേശൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിന് 25,000 രൂപ വീതവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതിന് 15,000 രൂപ വീതവും പിഴ ഒടുക്കണം. നീനുവിന്റെ സഹോദരൻ സാനുവും ഏഴാം പ്രതി ഷിഫിനും ഒഴികെയുള്ള എട്ട് പ്രതികൾക്ക് ഭവനഭേദനം, നാശനഷ്ടം ഉണ്ടാക്കൽ, തടഞ്ഞു വെക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ അനുസരിച്ച് എട്ട് വർഷം തടവും വിധിച്ചിട്ടുണ്ട്. കെവിനെ അതി ക്രൂരമായി മർദ്ദിച്ച എട്ടാം പ്രതി നിഷാദിനും പന്ത്രണ്ടാം പ്രതി ഷാനുവിനും ആറു മാസം തടവും വിധിച്ചിട്ടുണ്ട്.

തെളിവുനശിപ്പിച്ച കുറ്റത്തിന് ഏഴാം പ്രതി ഷിഫിന് മൂന്ന് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരം ഉള്ള തടവ്ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. നീനു വിന്റെ സഹോദരൻ സാനു അടക്കം മൂന്ന് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റം ഉണ്ടായിരുന്നുവെങ്കിലും ഇതിന് പ്രത്യേകം ശിക്ഷ വിധിച്ചില്ല. വിവിധ വകുപ്പുകളിലായി സാനു 40,000 രൂപയും ഷിഫിൻ 55,000 രൂപയും മറ്റു പ്രതികൾ 50,000 രൂപ വീതവും പിഴ ഒടുക്കണം. പിഴസംഖ്യയിൽ ഒന്നര ലക്ഷം രൂപ വീതം കെവിന്റെ കുടുംബത്തിനും നീനുവിനും നൽകണം. കെവിന്റെ സുഹൃത്ത് അനീഷിന് ഒരു ലക്ഷം രൂപ നൽകണം.

നീനു ഇരയാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കെവിന്‍ നീനുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. അങ്ങനെയെങ്കില്‍ നീനുവിനെ ഇരയെന്ന് പറയാന്‍ കഴിയുമോ എന്ന ചോദ്യം കോടതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമപരമായി വിവാഹം കഴിച്ചിരുന്നുവോ എന്ന ചോദ്യം ഈ കേസില്‍ നിലനില്‍ക്കുകയില്ല. നീനു ഇരയാണോ എന്നത് മാത്രമാണ് ചോദ്യമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

നീനു ഇപ്പോഴും കെവിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കഴിയുന്നതെന്നും അവിടെയാണ് ജീവിക്കുന്നതെന്നും കോടതി പറഞ്ഞു. അതുകൊണ്ട് കെവിന്റെ മരണം ഏറ്റവും അധികം ബാധിച്ചവരില്‍ ഒരാളാണ് നീനുവെന്ന് നിസംശയം പറയാമെന്നും വിധിയില്‍ പറയുന്നു. കെവിന്റെ സുഹൃത്ത് അനീഷും കേസില്‍ ഇരയാണെന്നും കോടതി വ്യക്തമാക്കി.