അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കി സി.പി.ഐ. ജയശങ്കറിന്റെ പരാതിയിന്‍മേല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് സി.പി.ഐയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്.

സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗമായ ജയശങ്കര്‍ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചയിലും ഭരണത്തെയും ഭരണകര്‍ത്താക്കളേയും നിരന്തരമായി വിമര്‍ശിക്കുന്നത് പാര്‍ട്ടിക്കും മുന്നണി സംവിധാനത്തിനും ദോഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനമെടുത്തിരുന്നത്.

ഇതിനെ തുടര്‍ന്ന് സി.പി.ഐ ബ്രാഞ്ച് തലത്തില്‍ ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.2020 ജൂലായിലെ ബ്രാഞ്ച് പൊതുയോഗത്തില്‍ ഇതേ കാര്യങ്ങള്‍ക്ക് ശാസിച്ചിട്ടും അനുസരിച്ചില്ല, പാര്‍ട്ടിയുടെയും പാര്‍ട്ടി ബഹുജന സംഘടനകളുടെയും യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും ക്യാംപെയ്‌നുകളിലും പങ്കെടുത്തില്ല എന്നിവയായിരുന്നു നടപടിക്ക് ആധാരമായ മറ്റ് കാരണങ്ങള്‍.

പാര്‍ട്ടി ലെവിയായ 1330 രൂപ തിരിച്ചു നല്‍കിയതായും ബ്രാഞ്ച് സെക്രട്ടറി അറിയിച്ചിരുന്നു.എന്നാല്‍ ബ്രാഞ്ച് തീരുമാനങ്ങള്‍ക്കെതിരായി ജയശങ്കര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സി.പി. മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.

അന്വേഷണത്തില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ഏകകണ്ഠമായി പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.റിപ്പോര്‍ട്ട് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു.