കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എമ്മിന് നഗരസഭാ ഭരണം നഷ്ടമായി. സി.പി.എം പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എമ്മിലെ ഒരംഗം പിന്തുണച്ചു. അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സി.പി.എം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഈ വിപ്പ് ലംഘിച്ചാണ് സി.പി.എമ്മിലെ വി.കെ കബീര്‍ ചെയര്‍മാന്‍ റഷീദിനെതിരെ വോട്ട് ചെയ്തത്.
28 അംഗ കൗണ്‍സിലില്‍ 15 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സി.പി.എമ്മിലെ മറ്റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, തനിക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിപ്പ് ലംഘിച്ചിട്ടില്ലെന്നും വി.കെ കബീര്‍ പറഞ്ഞു.
ചെയര്‍മാന്‍ റഷീദിനെതിരെ ആറു മാസം മുന്‍പും യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. അന്ന് പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയിലെ ഒരംഗം പിന്തുണച്ചതിനാല്‍ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. അഴിമതിയും സ്വഭാവദൂഷ്യവും ഉള്ള റഷീദിനെ ആറു മാസം മുന്‍പേ പുറത്താക്കേണ്ടതായിരുന്നുവെന്നും അന്ന് ജനപക്ഷത്തെ ഒരംഗം കാശ് വാങ്ങി അവിശ്വാസം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ ആരോപിച്ചു.
ജനപക്ഷത്തെ വൈസ് ചെയര്‍മാനെതിരെ ഉച്ചകഴിഞ്ഞ് അവിശ്വാസം പരിഗണിക്കുന്നുണ്ട്. ചെയര്‍മാനെ പോലെ പുറത്തുപോകേണ്ടയാളാണ് വൈസ് ചെയര്‍മാനെന്നും പി.സി ജോര്‍ജ് പറഞ്ഞു. അവിശ്വാസം വോട്ടിനു വരുമ്പോള്‍ എന്തു സംഭവിക്കുമെന്ന അറിയില്ലെന്നും ജോര്‍ജ് പറഞ്ഞു. വൈസ് ചെയര്‍മാന് എതിരായ അവിശ്വാസത്തില്‍ എന്തു നിലപാട് എടുക്കുമെന്ന് അറിയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എം അംഗം തന്നെ ചെയര്‍മാനാകും. അവിടെ യു.ഡി.എഫിനോ മുസ്ലീം ലീഗിനോ ജനപക്ഷത്തിനോ ചെയര്‍മാന്‍ സ്ഥാനം ലഭിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
Leave a Reply