സിപിഐഎം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അഡ്വ. പി.എസ് ജ്യോതിസ് പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജ്യോതിസ് മത്സരിക്കും.

മരുത്തോര്‍വട്ടം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന ജ്യോതിസ് 25 വര്‍ഷത്തോളമായി സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ അരൂരിലേക്ക് ജ്യോതിസിനെ ഇടതുസ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഒഴിവാക്കിയതോടെ ജ്യോതിസ് പാര്‍ട്ടി വിടുകയായിരുന്നു.

മുതിര്‍ന്ന സിപിഐഎം നേതാവും എംഎല്‍എയുമായിരുന്ന എന്‍പി തണ്ടാരുടെ മരുമകനാണ് ചേര്‍ത്തല കോടതിയിലെ അഭിഭാഷകനായ ജ്യോതിസ്. എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ മുന്‍ സെക്രട്ടറി പരേതനായ പികെ സുരേന്ദ്രന്റെ മകനാണ്.

അതേസമയം, ജ്യോതിസ് അടക്കം ആറു സ്ഥാനാര്‍ത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു. വര്‍ക്കലയില്‍ എസ്ആര്‍എം അജി, കുണ്ടറയില്‍ വനജ വിദ്യാധരന്‍, റാന്നിയില്‍ കെ പത്മകുമാര്‍, അരൂരില്‍ അനിയപ്പന്‍, കായംകുളം പ്രദീപ് ലാല്‍ എന്നിവരാണ് മത്സരിക്കുക.