തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാടുകളെ നിരാകരിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. വിഷയത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളെ പുറത്താക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുഹൈബ് വധക്കേസ് പാര്‍ട്ടിയുടേതായ രീതിയില്‍ അന്വേഷിക്കുമെന്നും അതിനു ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു പി ജയരാജന്റെ നിലപാട്.
സംസ്ഥാന സമ്മേളനത്തിനു ശേഷം ശുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേ സമയം ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചതായി സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ കൊലപാതകം പാര്‍ട്ടിക്ക് ക്ഷീണം സൃഷ്ടിച്ചതായി ജില്ലാ പ്രതിനിധികള്‍ വിമര്‍ശിച്ചു.
സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്തു വന്നിരുന്നു. ശുഹൈബിനെ കൊല്ലാന്‍ ഡിവൈഎഫ്‌ഐയുടെ ക്വട്ടേഷനുണ്ടായിരുന്നെന്നും ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി വാക്കു പറഞ്ഞിരുന്നതായും ആകാശ് തില്ലങ്കേരി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
Leave a Reply