ദുബായ്: ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം കേട്ട ബിനോയ് കോടിയേരിക്ക് ആശ്വാസമായി ദുബായി പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ദുബായി പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗമാണ് ബിനോയിക്കെതിരെ കേസുകളില്ലെന്ന വിവരം സാക്ഷ്യപ്പെടുത്തുന്നത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പയിനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ഇതിനെതിരെ ദുബായില്‍ കേസുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ബിനോയി പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ദുബായ് പോലീസ് നല്‍കിയിരിക്കുന്നത്.

കമ്പനി സിപിഎം നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ബിനോയിക്കെതിരെ ദുബായില്‍ കേസുണ്ടെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. വിഷയം പാര്‍ട്ടി ഇടപെട്ട് തീര്‍പ്പാക്കിയില്ലെങ്കില്‍ ഇന്റര്‍പോളിനെ സമീപിച്ച് ബിനോയിയെ ദുബായിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.