തിരഞ്ഞെടുപ്പ് വിജയത്തിനിടയിലും തീരാ നൊമ്പരമായി മലപ്പുറം തലക്കാട് പഞ്ചായത്തിലെ സ്ഥാനാര്‍ഥിയുടെ വിയോഗം. പതിനഞ്ചാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ സഹീറ ബാനുവാണ് ജനവിധിക്ക് കാത്തുനില്‍ക്കാതെ വിധിക്ക് കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച തിരൂര്‍ ബി.പി.അങ്ങാടിയില്‍ വച്ചുണ്ടായ വാഹനാപകടമാണ് ഒരു നാടിന്റെ നൊമ്പരമായത്. ആരവങ്ങളുടെ നടുവില്‍ വിജയത്തിന്റെ സന്തോഷവുമായി പാറശ്ശേരിയിലെത്തേണ്ട സഹീറ ബാനു വോട്ടെണ്ണല്‍ ദിനം നാട്ടിലെത്തിയത് പ്രിയപ്പെട്ടവര്‍ക്ക് കണ്ണീരായാണ്.
പത്താം തീയതിയാണ് സഹീറ ബാനു അപകടത്തില്‍പെട്ടത്. സ്ലിപ്പ് വിതരണം കഴിഞ്ഞ് സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ചൊവ്വാഴ്ച്ച വൈകിട്ട് മരിച്ചു. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ക്ക് പോലും മുഖം നല്‍കാതെയാണ് സഹീറ യാത്രയായത്.
സഹീറ ബാനു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പാറശ്ശേരി വാര്‍ഡിലെ വോട്ടര്‍മാരുടെ പ്രതീക്ഷയാണ് 239 വോട്ടിന്റെ ഭൂരിപക്ഷം. പക്ഷെ കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ബി.പി അങ്ങാടി ഖബര്‍സ്ഥാനില്‍ നടത്തിയ സംസ്കാര ചടങ്ങില്‍ പങ്കുചേരാന്‍ പോലും പ്രിയപ്പെട്ടവര്‍ക്കായില്ല. 2000 ലും, 2010 ലും പഞ്ചായത്തംഗമായിരുന്ന സഹീറ ബാനുവിനെയായിരുന്നു ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ട്ടി പരിഗണിച്ചിരുന്നത്.
Leave a Reply