തിരുവനന്തപുരം: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തി. ഫണ്ട് ശേഖരണം അല്ല പ്രശ്നമെന്നും, പിരിച്ചെടുത്ത തുക ചെലവഴിച്ചതിലുണ്ടായ തിരിമറിയാണു വിഷയമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് തുക തട്ടിയെടുത്തുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

2016ൽ ധൻരാജ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരു കോടി രൂപയോളം ഫണ്ട് പിരിച്ചിരുന്നുവെന്നും അതിൽ 46 ലക്ഷം രൂപ ക്രമക്കേടിലൂടെ നഷ്ടപ്പെട്ടുവെന്നുമാണ് ആരോപണം. 2017ലെ ഏരിയ സമ്മേളനത്തിൽ വരവ്–ചിലവ് കണക്കുകൾ അവതരിപ്പിച്ചെങ്കിലും 2021 വരെ പിന്നീട് കണക്കുകൾ പുറത്തുവന്നില്ല. 2021ൽ ഓഡിറ്റ് നടത്തിയപ്പോൾ അസാധാരണമായ ചിലവുകളാണ് കണ്ടെത്തിയതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. ധൻരാജിന്റെ കുടുംബത്തിനായി നിർമിച്ച വീടിന്റെ കണക്കുകളിൽ പോലും ക്രമക്കേടുകൾ ഉണ്ടായതായി കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീട് നിർമാണത്തിന് 34 ലക്ഷം രൂപ ചെലവായെന്ന കണക്കിൽ 5 ലക്ഷം രൂപ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കും, വിശദീകരണമില്ലാതെ 2 ലക്ഷം രൂപയും പോയതായി പരിശോധനയിൽ കണ്ടെത്തിയതായാണ് വെളിപ്പെടുത്തൽ. ഇതിന് പുറമേ, ധൻരാജ് ഫണ്ടിൽ നിന്ന് പാർട്ടി കമ്മിറ്റി കെട്ടിടത്തിന് 40 ലക്ഷം രൂപ ഉപയോഗിച്ചതായും ആരോപണമുണ്ട്. ഈ കാര്യങ്ങൾ തെളിവുകളോടെ പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിക്കും എം.വി. ഗോവിന്ദനും കൊടിയേരി ബാലകൃഷ്ണനും വിവരം കൈമാറിയെങ്കിലും ഫലമുണ്ടായില്ലെന്നും, പാർട്ടിക്കുള്ളിൽ പോരാടി തോറ്റ ശേഷമാണ് അണികളോട് തുറന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.