ഓസ്ട്രേലിയ ക്രിക്കറ്റ് കളിക്കാരുടെ പുതിയ കരാര്‍ പട്ടികയില്‍ നിന്ന് പ്രമുഖ താരങ്ങള്‍ പുറത്ത്. ദേശീയ ടീമില്‍ കളിക്കുന്ന 20 കളിക്കാരാണ് കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് കരാറില്‍ ഉള്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഷോണ്‍ മാര്‍ഷിനും ഉസ്മാന്‍ ഖവാജയ്ക്കും കരാര്‍ നഷ്ടമായി. ഇവരുള്‍പ്പെടെ ആറു താരങ്ങളാണ് കരാറില്‍ നിന്ന് പുറത്തായത്.
ടി20 ലോകകപ്പ് മുന്നില്‍ കണ്ട് പുതുനിരയ്ക്കാണ് ഓസ്ട്രേലിയ പ്രാധാന്യം നല്‍കിയത്. കഴിഞ്ഞ 12 മാസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയിലെ ഭൂരിപക്ഷം പേരും മൂന്ന് ഫോര്‍മാറ്റിലും മികവുള്ളവരാണ്. ഇത് ഓസ്ട്രേലിയയ്ക്ക് നേട്ടമാകുമെന്നും മുഖ്യ സെലക്ടര്‍ ട്രവര്‍ ഹോണ്‍സ് വ്യക്തമാക്കി. കരാറില്‍ ഇല്ലാത്തവര്‍ ഓസ്ട്രേലിയക്കായി കളിക്കാന്‍ യോഗ്യരല്ല എന്ന് അര്‍ഥമാക്കുന്നില്ലെന്ന് ട്രെവര്‍ ഹോണ്‍സ് പറഞ്ഞു.
പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, മാര്‍ക്കസ് സ്റ്റോയ്നിസ്, നഥാന്‍ കോട്ലര്‍ നില്‍, മാര്‍ക്കസ് ഹാരിസ് തുടങ്ങിയവരാണ് ദേശീയ കരാറില്‍ നിന്നും പുറത്തായ മറ്റ് കളിക്കാര്‍. കരാര്‍ പട്ടികയില്‍ നിന്നും കളിക്കാര്‍ പുറത്തായെന്നതിനര്‍ഥം ദേശീയ ടീമില്‍ സ്ഥാനം ലഭിക്കില്ല എന്നതല്ലെന്ന് മുഖ്യ സെലക്ടര്‍ പറഞ്ഞു. ബാറ്റിങ് ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് മിച്ചല്‍ മാര്‍ഷ് പട്ടികയില്‍ ഇടം നേടിയത്.
പോയവര്‍ഷം മികച്ച പ്രകടനം നടത്തിയ മാര്‍നസ് ലബുഷെയ്ന്‍ ആണ് പട്ടികയില്‍ ഇടംപിടിച്ച പുതുമുഖം. ആഷ്ടണ്‍ അഗര്‍, ജോ ബേണ്‍സ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, ടിം പെയ്ന്‍, ജെയിംസ് പാറ്റിന്‍സണ്‍, ജേ റിച്ചാര്‍ഡ്സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, സ്റ്റീവന്‍ സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ എന്നിവരാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍.
Leave a Reply