കൊച്ചി: വാഹന രജിസ്‌ട്രേഷനായി വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ അമല പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ഇവരുടെ വിശദീകരണം കേട്ട ശേഷം കേസെടുക്കാനാണ് തീരുമാനമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി. താരങ്ങള്‍ നികുതി വെട്ടിപ്പ് നടത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ താമസിക്കുന്നുവെന്ന് കാണിക്കാന്‍ വ്യാജ വാടകക്കരാര്‍, ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് വ്യക്തമായിരുന്നു. മോട്ടോര്‍ വാഹന വകുപ്പും ക്രമക്കേട് നടന്നതിന്റെ റിപ്പോര്‍ട്ടുകളും വീഡിയോ തെളിവുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. നടനും എം.പിയുമായ സുരേഷ് ഗോപിയ്ക്കെതിരേയും നികുതിവെട്ടിപ്പ് നടത്തിയതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്ക് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റുണ്ടെന്നായിരുന്നു സുരേഷ് ഗോപി നല്‍കിയ മറുപടി. എന്നാല്‍ പോണ്ടിച്ചേരിയിലെ ഫ്ളാറ്റ് ഉപയോഗിക്കുന്നില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ ഫ്‌ളാറ്റിന് അടുത്ത് താമസിച്ചിരുന്നത് പോണ്ടിച്ചേരി പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു. സുരേഷ് ഗോപിയെ അറിയില്ലെന്ന് ഇയാള്‍ മൊഴി നല്‍കി. അമല പോള്‍ തായ്‌ലന്‍ഡിലാണെന്നാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.