കോവിഡ്-19 നെ തുടർന്ന് അടച്ചിട്ട മെെതാനങ്ങളിൽ വീണ്ടും കളിയാരവം മുഴങ്ങി. എന്നാൽ, ക്രിസ്‌‌റ്റ‌്യാനോ റൊണാൾഡോ ആരാധകർക്ക് നിരാശ സമ്മാനിച്ച മത്സരമാണ് ഇന്നലെ കഴിഞ്ഞത്. റൊണാൾഡോ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതാണ് ഇന്ന് കായികലോകത്തെ ചൂടേറിയ ചർച്ച.

കോപ്പാ ഇറ്റലി സെമിഫൈനലില്‍ ഏസി മിലാനെതിരായ മത്സരത്തിലാണ് യുവന്റസിന്റെ പോർച്ചുഗൽ താരം റൊണാൾഡോ പെനാൽറ്റി പാഴാക്കിയത്. യുവന്റസ്-ഏസി മിലാൻ മത്സരം 1-1 സമനിലയിൽ കലാശിച്ചു. എന്നാൽ, എവേ ഗോൾ ആനുകൂല്യത്തിൽ റൊണാൾഡോയുടെ യുവന്റസ് കോപ്പാ ഇറ്റലി ഫെെനലിലേക്ക് പ്രവേശിച്ചു. 75 മിനിറ്റോളം പത്ത് പേർക്കെതിരെ കളിച്ചിട്ടും യുവന്റസിന് മത്സരം സമനിലയാക്കാൻ മാത്രമേ സാധിച്ചുള്ളൂ.

മിലാനിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയിരുന്നു. എവേ ഗോളുകളുടെ എണ്ണത്തിൽ യുവന്റസ് മിലാനേക്കാൾ മുൻപിലാണ്. ഇതാണ് ഫെെനലിലേക്ക് വഴി തുറന്നത്. 2017, 18, 19, 20 എന്നിങ്ങനെ തുടർച്ചയായി നാല് വർഷവും റൊണാൾഡോ ഓരോ പെനാൽറ്റി വീതം നഷ്‌ടപ്പെടുത്തിയതായാണ് കണക്ക്. ഓരോ വർഷവും ഓരോ പെനാൽറ്റി മാത്രം നഷ്‌ടപ്പെടുത്തിയത് വിചിത്രമായ കണക്കാണെന്നും സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫെബ്രുവരിയില്‍ നടന്ന ആദ്യ പാദത്തിനു ശേഷം നാല് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം പാദ മത്സരം നടന്നത്. ആദ്യപാദത്തിലെ മത്സരത്തിൽ യുവന്റസിനു വേണ്ടി പെനാൽറ്റിയിലൂടെ ഗോൾ നേടിയത് റൊണാൾഡോയാണ്. എന്നാൽ, രണ്ടാം പാദത്തിൽ റൊണാൾഡോയ്‌ക്ക് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

മത്സരത്തിന്റെ 16-ാം മിനിറ്റിലായിരുന്നു യുവന്റസിനു പെനാൽറ്റി ലഭിച്ചത്. വാറിലൂടെ ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ പാഴാക്കുകയായിരുന്നു. റൊണാള്‍ഡോയുടെ ഷോട്ട് ഡൊണറുമാ തടഞ്ഞു. എന്നാൽ, മത്സരത്തിലുടനീളം റൊണോൾഡോ മികച്ച പ്രകടനം നടത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്.

കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ലോകം. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക മത്സരങ്ങളും പുനരാരംഭിച്ചു. കോവിഡ് ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയ സ്‌പെയിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ലാ ലീഗയിലും പന്ത് ഉരുണ്ട് തുടങ്ങിയിരിക്കുകയാണ്. റൊണാൾഡോയ്‌ക്ക് പിന്നാലെ മെസിയും നാളെ കളത്തിലിറങ്ങും. ജൂൺ 14 (ഞായർ) പുലർച്ചെ 1.30 നാണ് ബാഴ്‌സലോണ-മല്ലോർക്ക പോരാട്ടം.