നഗരത്തിലെ തിരക്കേറിയ എംജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച കോർപറേഷന്റെ നടപടി വിവാദത്തിൽ. പ്രതിമാസം 5,000 രൂപ വാടക ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വാടകയ്ക്ക് നൽകിയത്. എംജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാർക്കിങ്ങിന് അനുമതി നൽകിയത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോർപറേഷൻ സെക്രട്ടറിയും 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി ഒപ്പും വച്ചു.
റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാർക്കിങ്ങിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ നടപടി. മുൻപ് പൊതുജനങ്ങളിൽനിന്ന് 10 രൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലമാണ് ഹോട്ടലിന് കൈമാറിയത്. ഈ സ്ഥലത്ത് മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹോട്ടലുകാർ തടയാൻ തുടങ്ങിയത് വാക്കുതർക്കത്തിനു വഴിവച്ചിരുന്നു. കോർപറേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ അറിയിച്ചു. മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹോട്ടലുടമ അനുവദിക്കാത്തത് കരാർ ലംഘനമാണെന്നും പരാതികൾ പരിശോധിക്കുമെന്നും കോർപറേഷൻ പ്രതികരിച്ചു.
Leave a Reply