കൊറോണ വൈറസ് (കൊവിഡ് 19) നാലായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഇറ്റലിയിലേയ്ക്ക് സഹായവുമായി ക്യൂബയില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘം. 52 അംഗ ക്യൂബൻ മെഡിക്കൽ ടീം ഇറ്റലിയിലേയ്ക്ക് തിരിച്ചു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായ ലംബാഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ ചിത്രവുമായാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇറ്റലിയിലേയ്ക്ക് തിരിച്ചത്.

ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ വിപ്ലവ കടമ ചെയ്യാന്‍ പോവുകയാണ്. അതുകൊണ്ട് ഭയം മാറ്റിവച്ച് പോകുന്നു – തീവ്രപരിചരണ വിദഗ്ധനായ ഡോക്ടര്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് (68) വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭയമില്ലെന്ന് പറയുന്നവര്‍ സൂപ്പര്‍ ഹീറോകളാണ്. പക്ഷെ ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ല, ഞങ്ങള്‍ വിപ്ലവ ഡോക്ടര്‍മാരാണ് – ഡോ.ഫെര്‍ണാണ്ടസ് പറഞ്ഞു. പല കരീബിയന്‍ തുറമുഖങ്ങളും നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച ബ്രിട്ടീഷ് കപ്പലിന് ക്യൂബ അനുമതി നല്‍കുകയും ബ്രിട്ടന്‍ ക്യൂബയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. 600ലധികം വരുന്ന യാത്രക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നു. ക്യൂബയില്‍ ഇതുവരെ 25 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്ന് പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനല്‍ പറഞ്ഞിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യൂബയുടെ എട്ടാമത് വിദേശ ആരോഗ്യദൌത്യമാണിത്. 1959ല്‍ വിപ്ലവ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് മുതല്‍ ഇത്തരത്തില്‍ വിവിധ ലോകരാജ്യങ്ങളിലെ ആരോഗ്യ പ്രതിസന്ധികളില്‍ സഹായവുമായി ക്യൂബന്‍ മെഡിക്കല്‍ ടീമുകള്‍ എത്തിയിട്ടുണ്ട്. 2014ല്‍ ലൈബീരിയ, സൈറ ലിയോണ്‍ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് ക്യൂബയായിരുന്നു. ഹെയ്തിയിലെ കോളറ കാലത്തും പരിചരണവുമായി ക്യൂബന്‍ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു. 4825 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. 53,578 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെനിസ്വേല, നിക്കാരാഗ്വ, ജമെയ്ക്ക, സൂരിനാം, ഗ്രനേഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ക്യൂബ മെഡിക്കല്‍ ടീമുകളെ അയച്ചിരുന്നു.