കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും. തിങ്കളാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 2024-ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായിരുന്നു.

2019-ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ ജയിച്ചത്. അന്ന് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ തോല്‍പിച്ചത്‌.

സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരേയൊരു പേര് മാത്രമേ ഉയര്‍ന്നിരുന്നുള്ളൂവെന്ന് യോഗശേഷം ജോസ് കെ.മാണി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1991 മുതല്‍ 2011 വരെ നാലു തവണ ഏറ്റുമാനൂരില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട് തോമസ് ചാഴികാടന്‍. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം 2011-ല്‍ സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2016-ലെ തിരഞ്ഞെടുപ്പിലും കുറുപ്പിനോട് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയ അദ്ദേഹം പിന്നീട് 2019-ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്.

1991-ലെ തിരഞ്ഞെടുപ്പിലൂടെ അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന്‍ ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് തോമസ് ചാഴികാടന്‍ രാഷ്ട്രീയരംഗത്തേക്കെത്തിയത്‌.