ലണ്ടന്‍: പാര്‍ലമെന്റിലുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് സംശയം. എംപിമാരുടെയും പിയര്‍മാരുടെയും ഇമെയില്‍ അക്കൗണ്ടുകളാണ് ആക്രമണത്തിന് ഇരയായത്. ഹാക്കര്‍മാര്‍ക്ക് പിന്നില്‍ റഷ്യന്‍ സര്‍ക്കാരാണെന്ന് സംശയിക്കുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ ആക്രമണിത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. എങ്കിലും മോസ്‌കോയാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ചയാണ് ആക്രമണം സ്ഥിരീകരിച്ചത്. പാര്‍ലമെന്റ് അംഗങ്ങളുടെ 90 ഇമെയില്‍ അക്കൗണ്ടുകളിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയതെന്ന് പാര്‍ലമെന്റ് വക്താവ് പറഞ്ഞു. ഈ ആക്രമണത്തിനു പിന്നാലെ ബ്ലാക്ക്‌മെയില്‍ ശ്രമങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എംപിമാരോട് ഇമെയില്‍ ഉപയോഗം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി തെരേസ മേയ്, ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ ഉപയോഗിക്കുന്ന നെറ്റ് വര്‍ക്കിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഒരു ചെറിയ സംഘം ചെയ്ത ആക്രമണമല്ല ഇതെന്നു ഒരു രാജ്യമാണ് ആക്രമണത്തിനു പിന്നിലെന്നും ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. റഷ്യക്കു പുറമേ നോര്‍ത്ത് കൊറിയ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളും സംശയിക്കപ്പെടുന്നവയുടെ പട്ടികയില്‍ ഉണ്ട്. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്തും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റഷ്യയുടെ സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Leave a Reply