ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയത്തില്‍ കലാഭവന്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി സൂചന. മണിക്കും ദിലീപിനുമിടയില്‍ ചില തര്‍ക്കവും അഭിപ്രായ ഭിന്നതയും രൂപപ്പെട്ടിരുന്നതായും ഇരുവരും ചേര്‍ന്ന് തുടങ്ങിയ സ്ഥാപനം ഒടുക്കം ദിലീപില്‍ എത്തുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മണിയുടെ അസ്വാഭാവിക മരണം അന്വേഷിക്കുന്ന സിബിഐയ്ക്കു രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.

ദിലീപും മണിയും ചേര്‍ന്ന് ‘ഡിഎം സിനിമാസ്’ എന്ന പേരില്‍ തുടങ്ങാനിരുന്ന തീയേറ്റര്‍ ബിസിനസ് സംരംഭമാണ് പിന്നീട് ‘ഡി സിനിമാസ്’ എന്ന പേരില്‍ ദിലീപില്‍ മാത്രം എത്തിയതെന്നും തീയേറ്റര്‍ ഇരിക്കുന്ന ഭൂമി ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തതും അതിന് അഡ്വാന്‍സ് കൊടുത്തതും മണിയായിരുന്നെന്നുമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം.

സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാല്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണു ചാലക്കുടിയില്‍ സ്ഥലം കണ്ടെത്തിയത്. അതേസമയം ദിലീപിനു പുറമേ കലാഭവന്‍ മണിക്കും ബിനാമി പേരില്‍ ഒരു രാഷ്ട്രീയനേതാവിനും പങ്കാളിത്തമുണ്ടായിരുന്നെന്ന് സംശയിക്കാവുന്ന വിവരങ്ങളാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ഡി സിനിമാസ് നിര്‍മ്മിച്ച സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്നും വ്യാജ ആധാരങ്ങള്‍ ചമച്ചു കൈവശപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയതാണെന്നും, ഈ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നുമാണു പരാതി.

ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നെന്നും ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാന്റ് റവന്യു കമ്മിഷണര്‍ 2015ല്‍ പുറപ്പെടുവിച്ച ഉത്തരവും ഭരണ സ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ചതാണെന്നുമാണ് ആരോപണം.