പിതാവ് ജയിലില്‍ ആയതോടെ അമ്മ ഉപേക്ഷിച്ചുപോയി. ശേഷം 10 വയസുകാരന്‍ അങ്കിതിന്റെ ജീവിതം തെരുവിലാണ്. ഒരു നായ കുട്ടിക്കൊപ്പമാണ് ഇപ്പോള്‍ അങ്കിതിന്റെ ജീവിതം. തെരുവില്‍ ബലൂണ്‍ വിറ്റും ചായക്കടയില്‍ ജോലിയെടുത്തുമാണ് അങ്കിത് തന്റെ ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്.

പിതാവ് ജയിലില്‍ ആണെന്നും മാതാവ് ഉപേക്ഷിച്ചെന്നും മാത്രമാണ് അങ്കിതിന് ഓര്‍മ്മയുള്ളത്. കിട്ടുന്ന പണത്തില്‍ വാങ്ങുന്ന ഭക്ഷണം സദാസമയവും ഒപ്പമുള്ള ഡാനി എന്ന നായക്കും അങ്കിത് പകുത്തുനല്‍കും. ഉറക്കവും ഡാനിയുടെ ഒപ്പം തെരുവില്‍ തന്നെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അങ്കിതിന്റെ ജീവിതം ഇങ്ങനെ തന്നെയാണ്.

കഴിഞ്ഞ ദിവസമാണ് അങ്കിത് നായയ്‌ക്കൊപ്പം ഒരു പുതപ്പിനുള്ളില്‍ കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചിത്രം ഞൊടിയിടയില്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തു. ഇതോടെയാണ് അങ്കിതിന്റെ ജീവിതം പുറംലോകം അറിഞ്ഞത്. അടച്ചിട്ട കടമുറിയുടെ വരാന്തയില്‍ ഡാനിക്കൊപ്പം ഒരു പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടിയ നിലയിലുള്ള അങ്കിതിന്റെ ചിത്രമാണ് വൈറലായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിത്രം ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ കുട്ടിയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഒടുവില്‍ അങ്കിതിനെ കണ്ടെത്തുന്നത്. നിലവില്‍ മുസാഫര്‍ നഗര്‍ പോലീസിന്റെ സംരക്ഷണത്തിലാണ് അങ്കിതും ഡാനിയും. നായ അങ്കിതിന്റെ പരിസരത്ത് നിന്ന് മാറാറില്ലെന്ന് അങ്കിത് ജോലി ചെയ്യുന്ന കടയുടെ ഉടമ പറയുന്നു.

നായക്കുള്ള പാല്‍ പോലും ആരില്‍ നിന്നും സൗജന്യമായി സ്വീകരിക്കാന് തയ്യാറല്ല അങ്കിത് എന്നാണ് കട ഉടമ പറയുന്നത്. അങ്കിതിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണ് ഇപ്പോള്‍. ബന്ധുക്കളെ കണ്ടെത്തുന്നത് വരെ അങ്കിതിനെ സംരക്ഷണ ചുമതല ഷീലാ ദേവി എന്ന സ്ത്രീയെയാണ് പോലീസ് ഏല്‍പ്പിച്ചിരിക്കുന്നത്. അങ്കിതിന് വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങളും നടത്തി വരികയാണ്.