ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഡെന്മാർക് :- ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ വെച്ച് ഇന്നലെ നടന്ന വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് ചീഫ് സോറൻ തോമസൻ പറഞ്ഞു. ക്രൂരമായ ഒരു ആക്രമണമാണ് ഡെന്മാർക്ക് നേരിട്ടതെന്ന് പ്രധാന മന്ത്രി മെറ്റെ ഫ്രഡറിക് സൺ വ്യക്തമാക്കി. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയം തള്ളിക്കളയാനാവില്ലെന്ന് പോലീസ് ചീഫ് വ്യക്തമാക്കി. വെളുത്ത വർഗ്ഗക്കാരനായ ഡെന്മാർക്കുകാരൻ ആണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് മാത്രമാണ് പോലീസ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. മറ്റ് യാതൊരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ലെങ്കിലും, അടുത്തിടെ യൂട്യൂബിൽ തോക്കുകളും മറ്റുമായി വീഡിയോകൾ പോസ്റ്റ്‌ ചെയ്ത നോഹ എസ്ബെൻസൺ ആണ് സംഭവത്തിന് പിന്നിലെന്ന സംശയം നിലനിൽക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഫീൽഡ് മാളിൽ ഏകദേശം 140 ഓളം കടകളും റസ്റ്റോറന്റുകളുമുണ്ട്. വെടിവെപ്പിന്റെ ശബ്ദം കേട്ട് മാളിൽ ഉണ്ടായിരുന്നവർ പേടിച്ചു പോയതായി ദൃക്സാക്ഷികളിൽ ഒരാളായ ഇസബെൽ മാധ്യമങ്ങളോട് പറഞ്ഞു. 11 പേരോളം ഒരു ടോയ്‌ലറ്റിൽ ആണ് അഭയം പ്രാപിച്ചതെന്ന് അവർ പറഞ്ഞു. പ്രമുഖ ഗായകനായ ഹാരി സ്റ്റൈൽസിന്റെ ഷോ നടക്കാനിരുന്ന സ്ഥലത്തിന്റെ തൊട്ടടുത്താണ് ഈ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് ഷോ ക്യാൻസൽ ചെയ്തതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിലുള്ള തങ്ങളുടെ ദുഃഖം ഡേനിഷ് രാജകുടുംബാംഗങ്ങളും വ്യക്തമാക്കി. അയൽ രാജ്യങ്ങളുടെ നേതാക്കളും സംഭവത്തിൽ ഉള്ള തങ്ങളുടെ ദുഃഖം അറിയിച്ചിട്ടുണ്ട്.