ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ അതിസാഹസികമായ ലാന്‍ഡിങ്ങിന്റെ വിഡിയോ യൂട്യൂബില്‍ ഹിറ്റ്. എമിറേറ്റ്‌സിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. അഞ്ഞൂറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് യുട്യൂബില്‍ കണ്ടത്.

വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദുബൈയില്‍ നിന്നും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് വന്ന വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്. മാര്‍ട്ടിന്‍ ബോഗ്ഡന്‍ എന്നയാള്‍ യൂട്യൂബിലിട്ട വിഡിയോ ഇതിനകം തന്നെ 69 ലക്ഷത്തിലധികം തവണ കണ്ടു കഴിഞ്ഞു. വിമാന ഫൊട്ടോഗ്രഫി പ്രേമിയായ മാര്‍ട്ടിന്‍ നേരത്തെയും നിരവധി വിമാനങ്ങളുടെ പറന്നുയരുന്നതിന്റേയും പറന്നിറങ്ങുന്നതിന്റേയും ദൃശ്യങ്ങളെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ അപൂര്‍വ്വമായ ദൃശ്യമാണ് ലഭിച്ചത്.

തുടക്കത്തില്‍ സാധാരണ കാറ്റില്‍ പെട്ടതുപോലെയാണ് തോന്നിച്ചതെങ്കിലും പിന്നീട് നിലമാറിയെന്ന് മാര്‍ട്ടിന്‍ വിഡിയോയുടെ വിവരണത്തില്‍ കുറിക്കുന്നു. ഇത്രവലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നുവെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ യൂറോപ്പില്‍ നിന്നു മാത്രം ആയിരക്കണക്കിന് വിമാനത്താവളങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ള വ്യക്തിയാണ് മാര്‍ട്ടിന്‍.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ലാന്‍ഡിങ്ങില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്‌സ് വക്താവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരുഘട്ടത്തിലും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും എമിറേറ്റ്‌സ് വക്താവ് പറയുന്നു. വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിന്‍ഡ്. ഈ സംഭവത്തിലും വില്ലനായത് ക്രോസ് വിന്‍ഡ് തന്നെയായിരുന്നു.

യാത്രികര്‍ക്ക് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം സമ്മാനിച്ചെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ തക്ക പരിശീലനം പൈലറ്റുമാര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് എ380 പോലുള്ള കൂറ്റന്‍യാത്രാ വിമാനങ്ങള്‍ നിയന്ത്രിക്കുന്ന പൈലറ്റുമാര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ളവരായിരിക്കും. ഇക്കാര്യം അടിവരയിട്ട് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം. വടക്കന്‍ ജര്‍മ്മനിയില്‍ ആഞ്ഞടിച്ച സേവിയര്‍ കൊടുങ്കാറ്റിന് ശേഷം മേഖലയില്‍ ശക്തിയേറിയ കാറ്റ് വീശുന്നുണ്ട്. ഇതാണ് ഡസല്‍ഡോര്‍ഫ് വിമാനത്താവളത്തിലും വില്ലനായത്.