മെട്രിസ് ഫിലിപ്പ്

ശാന്തസുന്ദരവും, പ്രകൃതിരമണീയവും, പച്ചപുതച്ച നെൽപ്പാടങ്ങളും, തോടുകളും, പുഴകളും നിറഞ്ഞ കുട്ടനാട്. കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ, കാണുവാൻ തന്നെ എന്ത് ഭംഗിയാണ്. മടകെട്ടി നെൽകൃഷി ചെയ്യുന്ന, കുട്ടനാട്ടുകാർ. കരിമീനും, പുഴമൽസ്യങ്ങളും കൊണ്ട് വിരുന്നൊരുക്കുന്ന കുട്ടനാട്ടുകാർ. കിഴുക്കുനിന്ന് ഒഴുകിവരുന്ന, മലവെള്ളംകൊണ്ട്, യാതനഅനുഭവിക്കുന്ന കർഷകർ. വേലിയേറ്റവും വേലിയിറക്കവും അനുഭവിക്കുന്നവരുടെ നാട്.

കുട്ടനാടിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന സെന്റ് അലോഷ്യസ് കോളേജ്, എടത്വ. ഈ കോളേജിനോട് തൊട്ട് ചേർന്ന്, സെന്റ് ജോർജ് ഫെറോനാ പള്ളി ഉണ്ട്. കോളേജിലേയ്ക്കു വരുന്ന വഴിയിൽ ഒരു പാലം ഉണ്ട്. ആ പാലത്തിൽനിന്നും നോക്കിയാൽ, തലഉയർത്തിനിൽക്കുന്ന പള്ളിയും, കോളേജും, നെൽപ്പാടങ്ങളും കാണുവാൻ സാധിക്കും. നിരപ്പായ റോഡുകൾ ആയത് കൊണ്ട്, കൂടുതലായി വിദ്യാർത്ഥികൾ സൈക്കിളിൽ ആണ് കോളേജിൽ വരുന്നത്. അതുകൊണ്ട്, കോളേജിന്റെ ഒരു വശത്തായി, നീളത്തിൽ പണിതിരിക്കുന്ന, സൈക്കിൾ ഷെഡ് ഉണ്ട്. 1994 ൽ ഫാ. ചെറിയാൻ തലകുളം പ്രിൻസിപ്പൽ ആയിരുന്ന സമയത്ത് ഈ കോളേജിൽ വെച്ചുനടന്ന ഒരു ഹെൽത്ത്ക്യാമ്പിൽ പങ്കെടുക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. വിവിധ കോളേജുകളിൽ നിന്നുമുള്ള 70 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് വൈകുന്നേരം 7 മണിക്ക് ആരംഭിച്ചു. ക്യാമ്പ്നിർദേശങ്ങൾ ഒക്കെ തന്നു. കോളേജിന്റെ പുറകിലായി ഒരു സ്വിമ്മിങ് പൂൾ ഉണ്ടെന്നും, നീന്തൽ അറിയാവുന്നവർ, അവിടെ പോയി നീന്തൽ ചെയ്യാം എന്നുള്ള അനുവാദം എല്ലാവർക്കും നൽകി. എല്ലാവർക്കും സന്തോഷമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വിമ്മിങ് പൂൾ ഉള്ള സ്ഥലത്തു വെളിച്ചം കുറവായിരുന്നു. എങ്കിലും അരണ്ട വെളിച്ചത്തിൽ കുറെ ഭാഗങ്ങൾ കാണാം. എന്തായാലും, കുറെ കുട്ടികളോടൊപ്പം അവിടെ പോയി. ഡ്രസ്സ് എല്ലാം മാറ്റി, കുളത്തിന്റെ സൈഡിൽ നിന്നും ജമ്പ് ചെയ്തു. ചാടിയ സമയത്ത് കാലിൽ എന്തോ തട്ടി. വയറ്റിൽ ഒരു ആളൽ. എങ്കിലും, പേടിയോടെ തന്നെ, കുളത്തിലേയ്ക്ക് മാക്സിമം നീളത്തിൽ ജമ്പ് ചെയ്തു,നീന്തി കയറിവന്നു. തിരിച്ചു മുറിയിലേക്ക് പോയി. പിറ്റേ ദിവസം രാവിലെ തന്നെ, ഈ കുളത്തിന്റെ അരികിൽ പോയി രാത്രിയിൽ കാല് തട്ടിയ ഭാഗം നോക്കിയപ്പോൾ, ആ ഭാഗത്തു വേലിപോലെ കെട്ടിയിട്ടുണ്ട്. എന്തായാലും എടുത്തുചാടികൊണ്ട് പരിക്ക് പറ്റാത്തതിന് ദൈവത്തിന് നന്ദിപറഞ്ഞു തിരിച്ചുപോന്നു. എന്നാൽ വർഷങ്ങൾ എത്രയോ കടന്നുപോയി. അവിടെ ഇപ്പോൾ അടിപൊളി സ്വിമ്മിങ് പൂൾ ആക്കിമാറ്റിയിട്ടുണ്ടാകാം. ഒരു പരിചയവും ഇല്ലാത്ത, കുളത്തിലേക്ക്, എടുത്ത് ചാടിയത്, തെറ്റായി പോയി എന്ന് തോന്നിയ നിമിഷം.

കഴിഞ്ഞ ദിവസം പിറവം ആറ്റിൽ, തുണി അലക്കാൻ പോയ, സ്ത്രീകളിൽപ്പെട്ട ഒരു സ്ത്രീ ഒഴുക്കിൽ പെടുകയും, അലറികരഞ്ഞ സ്ത്രീകളുടെ ഒച്ചകേട്ട്, തൊട്ടടുത്തു താമസിക്കുന്ന വീട്ടിലെ ഒരു മിലിട്ടറി യുവാവ് അതിസാഹസികമായി, മുങ്ങിപോയ സ്ത്രീയെ രക്ഷപ്പെടുത്തിയ വാർത്ത വായിച്ചത് ഓർക്കുന്നു.

നമ്മളൊക്കെ കാടും പുഴയും വെള്ളചാട്ടവും എല്ലാം കാണുവാൻ പോകാറുണ്ട്. നമുക്ക് ഒരു പരിചയവും ഇല്ലാത്ത പുഴയിലോ, വെള്ളചാട്ടത്തിന്റെ അരികിലോ, മലവെള്ളം വരുന്ന സ്ഥലത്ത് ഒക്കെ പോയി കുളിക്കും. എന്നാൽ അവിടെ ഉണ്ടാകുവാൻ സാധ്യതയുള്ള അപകടങ്ങളെകുറിച്ച് ആരും ചിന്തിക്കാറില്ല. ഈ കാലഘട്ടങ്ങളിൽ പുഴയിലും, നീരൊഴുക്കുകളിലും പോയി എത്രയോ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ നമുക്ക് ഒരു പരിചയവും ഇല്ലാത്ത സ്ഥലങ്ങളിൽ പോയി കുളിക്കുമ്പോൾ സൂക്ഷിക്കുക. അവിടെയൊക്കെ അപകടങ്ങൾ പതിയിരിപ്പുണ്ടാകാം. പെട്ടന്നുള്ള ആവേശത്താൽ, വെള്ളത്തിലേക്ക് ചാടുമ്പോൾ, അതിന്റെ ആഴം നമുക്ക് അറിയില്ല. പാറക്കൂട്ടങ്ങളും, മറ്റ് ജലജീവികളും ഉണ്ടായേക്കാം. അതിനാൽ പ്രിയമുള്ളവരെ, ജീവിതം ഒന്നേ ഒള്ളു. ആവേശം കൂടി അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യതഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ജാഗ്രതപുലർത്തുക. പരിചയം ഉള്ളവരെ കൂടെ കൊണ്ടുപോകുക. വിനോദ
സഞ്ചാരകേന്ദ്രങ്ങളിൽ, എഴുതിവെച്ചിരിക്കുന്ന നിയമങ്ങൾ പാലിക്കുക. വന്യമൃഗങ്ങളെ പ്രകോപിക്കാതിരിക്കുക. ആനക്കൂട്ടങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ജാഗ്രതപുലർത്തുക. നമ്മളായിട്ട് അപകടങ്ങൾ ഉണ്ടാക്കാതിരിക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല.