മുംബൈ∙ ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കറും ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ടും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകൾ പലതവണ മാധ്യമങ്ങളിലും ഇടംപിടിച്ചു. ഒരിക്കൽ ലണ്ടനിലെ ഒരു ഹോട്ടലിൽ ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനെത്തിയത് വാർത്തയായി. ഇംഗ്ലണ്ടിലെ മൈതാനങ്ങളിലും ഭക്ഷണശാലകളിലും പലകുറി ഇരുവരെയും ഒരുമിച്ചു കണ്ടു. അടുത്തിടെ സച്ചിൻ തെൻഡുൽക്കർ സ്വയം മുടിവെട്ടുന്ന ചിത്രത്തിന് താഴെ അർജുനെ ‘ട്രോളി’ ഡാനിയേല കമന്റിട്ടതും ശ്രദ്ധ നേടി. മാത്രമല്ല, വനിതാ ക്രിക്കറ്റിൽ തനിക്കേറ്റവും ഇഷ്ടമുള്ള താരം ഡാനിയേല വ്യാട്ടാണെന്ന് അർജുൻ തന്നെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

ഇരുപതുകാരനായ അർജുനുമായി എങ്ങനെയാണ് ഇത്രയും ആഴമുള്ള സൗഹൃദം രൂപപ്പെട്ടത്? ആ സൗഹൃദത്തിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തുകയാണ് ഇരുപത്തൊൻപതുകാരിയായ ഡാനിയേല വ്യാട്ട്. ആദ്യമായി കണ്ടതെന്ന്, സൗഹൃദം വളർന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ഡാനിയേല വെളിപ്പെടുത്തിയത്. അർജുനുമായുള്ള സൗഹൃദം ഡാനിയേലയുടെ വാക്കുകളിലൂടെ തന്നെ കേൾക്കാം:

‘2009ലോ 2010ലോ ആണെന്നു തോന്നുന്നു, ആദ്യമായി ഞാൻ സച്ചിനെയും അർജുനെയും കാണുന്നത് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽവച്ചാണ്. എംസിസി യുവ ക്രിക്കറ്റ് താരങ്ങൾക്കൊപ്പമായിരുന്നു അവർ. അന്ന് സച്ചിൻ അവിടെ നെറ്റ്സിൽ പരിശീലിക്കുമ്പോൾ കൂടെ അർജുനുമുണ്ടായിരുന്നു. ഞാൻ നേരെ അവിടേക്കു ചെന്ന് എന്നെത്തന്നെ പരിചയപ്പെടുത്തി.’

അന്ന് അർജുന് കൂടിപ്പോയാൽ ഒരു 10 വയസ്സ് കാണും. തീരെ ചെറിയ കുട്ടിയായിരുന്നു. അന്നത്തെ ഞങ്ങളുടെ ഫോട്ടോ ഗൂഗിളിലോ മറ്റോ ഉണ്ട്. അന്ന് നെറ്റ്സിൽ ഞാൻ അർജുനെതിരെ ബോൾ ചെയ്തു. അവൻ വളരെ നന്നായിത്തന്നെ കളിച്ചു. അതിനുശേഷം അർജുൻ എന്നൊക്കെ ലോർഡ്സിലെ നെറ്റ്സിൽ പരിശീലിക്കാൻ വന്നാലും എനിക്കെതിരെ ന്യൂബോൾ എറിയാൻ ആവശ്യപ്പെടും. ഇപ്പോൾ അവന്റെ ബോളിങ് വേഗം വളരെയധികം കൂടിയിട്ടുണ്ട്.’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ബൗണ്‍സറെറിഞ്ഞ് എന്റെ തലയിൽ കൊള്ളിക്കുമെന്ന് അർജുൻ എപ്പോഴും പറയും. അതുകൊണ്ട് ഇപ്പോൾ അവനെക്കൊണ്ട് ബോൾ ചെയ്യിക്കാൻ എനിക്കു വലിയ താൽപര്യമില്ല. വളരുന്തോറും അവന്റെ പന്തുകൾ നേരിടുന്നത് വളരെ അപകടകരമായി മാറുകയും ചെയ്തു.’

‘അർജുന്റെ കുടുംബവും വളരെ സൗഹൃദത്തോടെ പെരുമാറുന്നവരാണ്. അർജുന്റെ അമ്മയും വളരെ കൂട്ടാണ്. അടുത്തിടെ ഓസ്ട്രേലിയയിൽവച്ച് ലോകകപ്പിനിടെ ഞാൻ സച്ചിനെ കണ്ടു. അദ്ദേഹത്തിനടുത്തേക്ക് ഓടിച്ചെന്ന് സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തെ കാണുന്നതും മിണ്ടുന്നതും എനിക്കു വളരെ ഇഷ്ടമാണ്.’

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചാണ് ഡാനിയേല വ്യാട്ട് ആദ്യമായി ഇന്ത്യൻ ആരാധകരുടെ ശ്രദ്ധയിലെത്തുന്നത്. ഇംഗ്ലണ്ടിനായി ഇതുവരെ 74 ഏകദിനത്തിലും 109 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ഏകദിനത്തിൽ 19.76 ശരാശരിയിൽ ഒരു സെഞ്ചുറിയും അർധസെഞ്ചുറിയും സഹിതം 1028 റൺസും 27 വിക്കറ്റും നേടി. ട്വന്റി20യിൽ 20.10 ശരാശരിയിൽ രണ്ടു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും സഹിതം 1588 റൺസ് നേടി. ഇതിനു പുറമെ 46 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.