കൊവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചതറിയാതെ പത്തുവയസുകാരി മകള്‍ കാത്തിരിക്കുകയാണ്. ഒപ്പം കളിക്കാനും കൊഞ്ചാനും. എന്നാല്‍ തന്റെ അച്ഛന്‍ ഒരിക്കലും തിരിച്ചുവരില്ലെന്ന സത്യം പറയാന്‍ മടിച്ച് നെഞ്ചുനീറി കഴിയുകയാണ് അമ്മ ദീപ ജയന്‍. അച്ഛന്‍ ജോലിയുടെ ആവശ്യത്തിന് പോയതാണെന്നും തിരിച്ചുവരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് മാതൃസഹോദരിയുടെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ് 10വയസുകാരി മകളെ.
കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന ജയന്‍ രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് കഴിഞ്ഞ മാസം പത്തിന്. ശരീരം തിരുവനന്തപുരം ശാന്തികവാടത്തില്‍ ദഹിപ്പിച്ചു. ചിതാഭസ്മം മകള്‍ കാണാതെ വീട്ടില്‍ത്തന്നെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അച്ഛനുണ്ട് എന്ന സുരക്ഷിതത്വബോധം നഷ്ടപ്പെടാതെ അവള്‍ ജീവിക്കട്ടെയെന്നാണ് ദീപ നിറകണ്ണുകളോടെ പറയുന്നത്.
മുന്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് ആദ്യം സമൂഹമാധ്യമങ്ങളില്‍ ജയന്റെ മരണ വാര്‍ത്ത പങ്കുവച്ചത്. ജയന്റെ പെട്ടെന്നുള്ള വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ദീപയ്ക്ക്. രോഗം രൂക്ഷമാകുന്നെന്നും മരണം തൊട്ടടുത്തുണ്ടെന്നും തിരിച്ചറിഞ്ഞ് കലക്ടറേറ്റ് മുതല്‍ മുകളിലേക്കുള്ള പല ഉദ്യോഗസ്ഥരോടും വിളിച്ചു കരഞ്ഞിട്ടും ജയന്‍ മകളുടെ സുരക്ഷയെ കരുതി തന്നോടൊരു വാക്കു പോലും പറഞ്ഞില്ലെന്ന് ദീപ പറയുന്നു. അടുത്ത പ്രമോഷനില്‍ ഡയറക്ടര്‍ പദവിയിലെത്തേണ്ട ജയന്റെ മരണത്തില്‍ നിഗൂഢതകള്‍ സംശയിക്കുന്ന അവര്‍ അതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്നും ദീപ പറയുന്നു.
Leave a Reply