അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിൽ ആണ് കാഞ്ഞിരപ്പള്ളിയും അമൽ ജ്യോതി എൻജിനീനിയറിങ് കോളജും. കളിചിരികളുമായി പോയ വിദ്യാർഥി സംഘം അപകടത്തിൽപെട്ടതും രണ്ടുകുട്ടികൾ മരിച്ചതും ഒരുനാടിനെയാകെ തീരാദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ സാരമായി പരുക്കേറ്റ ഒരു വിദ്യാർഥിയൊഴികെ ബാക്കി ഒമ്പതുപേരും ആശുപത്രി വിട്ടു.

ഇന്നലെ വരെ തോളിൽ കയ്യിട്ട് ഒപ്പമുണ്ടായിരുന്നവർ ഇന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെ വിതുമ്പുകയാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ വിദ്യാർഥികൾ. താങ്ങാനാവാത്ത ദുഖം ഉള്ളിലൊതുക്കി അധ്യാപകരും രക്ഷിതാക്കളും. അപകടവിവരം അറിഞ്ഞയുടൻ കോളജിലെത്തിയ രക്ഷിതാക്കൾ മരണവാർത്തയറിഞ്ഞതോടെ നിയന്ത്രണം വിട്ടു കരഞ്ഞു. കോളജിലെത്താൻ കഴിയാത്തവർ അധ്യാപകരെയും കാഞ്ഞിപ്പള്ളി രൂപതാധികൃതരെയും തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നു.

പഠനക്യാംപിനും വിനോദയാത്രയ്ക്കുമായി കോളജിലെ പല വകുപ്പുകളും ഒാണാവധിയായിരുന്നു തിരഞ്ഞെടുത്തത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് മൂന്നാം വർഷ ബാച്ചിലെ 74 വിദ്യാർഥികളാണ് രണ്ടു ബസുകളിലായി ചൊവ്വാഴ്ച ഇവിടെ നിന്നും തിരിച്ചത്. മരിച്ച ഐറിൻ ജോർജിന്റെ മൃതദേഹം സ്വദേശമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഒാർത്തഡോക്സ് കത്തീഡ്രലിൽ സംസ്കരിക്കും. അപകടത്തൽ മരിച്ച രണ്ടാമത്തെ വിദ്യാർഥിനിയായ മെറിൻ സെബാസ്റ്റ്യന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോളജിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സ്വദേശമായ മുണ്ടക്കയം മുപ്പത്തിനാലാം മൈലിലെ വ്യാകുലമാതാ പളളി സെമിത്തേരിയിൽ സംസ്കരിക്കും.