ഞായറാഴ്ച അന്തരിച്ച വിഖ്യാത ഗായകന്‍ ഡേവിഡ് ബോവിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആളും ആരവവുമില്ലാതെ രഹസ്യമായി അമേരിക്കയില്‍ ദഹിപ്പിച്ചു. ന്യൂയോര്‍ക്കിലാണ് ചിതയോരുങ്ങിയത്. ലണ്ടനിലെ വീട്ടുകാരെയും സുഹൃത്തുക്കളെയും പോലും പങ്കെടുപ്പിച്ചില്ല. സ്വസ്ഥമായ ഒരു മടക്കം ആയിരുന്നു ആരാധകരുടെ പ്രിയങ്കരനായ ഡേവിഡ് ബോവി തന്റെ കുടുംബത്തോട് പറഞ്ഞ അവസാനത്തെ ആഗ്രഹം. കുഴിച്ചിടരുത് ദഹിപ്പിക്കണം എന്ന് പറഞ്ഞിരുന്നതിനാലാണ് മൃതദേഹം അഗ്‌നിക്ക് നല്‍കിയത്.
തന്നെ പറഞ്ഞയയ്ക്കുന്ന വേളയില്‍ കുടുംബവും സുഹൃത്തുക്കളുമൊന്നും വേണ്ടെന്നായിരുന്നു ബോവിയുടെ അന്ത്യാഭിലാഷം. നല്ല ജീവിതത്തിന്റെയും, സംഗീതത്തിന്റെയും പേരില്‍ മാത്രം ഓര്‍മ്മിക്കപ്പെടാനാണ് തന്റെ ആഗ്രഹമെന്ന് കുടുബത്തോടും, ഭാര്യയോടും, സുഹൃത്തുക്കളോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഒരു കല്ലറയുണ്ടാക്കി, അതൊരു സ്മാരകമായി തീരേണ്ട കാര്യമില്ലെന്ന് തീരുമാനിച്ച ബോവി, മൃതദേഹം ദഹിപ്പിക്കണം എന്നാവശ്യപ്പെടുകയായിരുന്നു.
ആഘോഷമോന്നുമില്ലാതെ നടന്ന സംസ്‌കാരത്തിന് 480640 പൌണ്ടേ ചെലവു വന്നിട്ടുള്ളൂ.
തന്റെ സ്മരണയ്ക്കായി കേട്ടുമതിവരാത്ത സംഗീതം ഇവിടെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കാമെന്ന് ഒരു വക്താവ് അഭിപ്രായപ്പെട്ടത്. വലിയ സമ്മേളനങ്ങളും, കോലാഹലങ്ങളുമില്ലാതെ ഒരു മടക്കയാത്രയാണ് അദ്ദേഹം ആഗ്രഹിച്ചത്. ബ്ലാക്ക്സ്റ്റാര്‍ എന്ന ആല്‍ബം മരണത്തിന് ഒരാഴ്ച മുന്‍പ് പുറത്തിറക്കി ലോകത്തെ ഞെട്ടിച്ച ബോവി, ഇതാണ് തന്റെ വിടപറയലിന് പറ്റിയതെന്ന് ചിന്തിച്ചിരുന്നു. സംസ്‌കാരം വേണ്ടെന്ന് വച്ചെങ്കിലും പലയിടങ്ങളിലും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അടുത്ത മാസം നടക്കുന്ന ബ്രിട്ട് അവാര്‍ഡുകള്‍ ബോവിയ്ക്കുള്ള സ്മരണക്കായി തീരുമാനിച്ചു കഴിഞ്ഞു.
കാന്‍സറിനോട് 18 മാസമായി പൊരുതി ഞായറാഴ്ചയാണ് ഡേവിഡ് ബോവി വിടപറഞ്ഞത്. തലമുറകളുടെ സംഗീതമായിരുന്നു ഇതോടെ ഓര്‍മ്മയായത്. സൌത്ത് ലണ്ടനില്‍ ജനിച്ച അദ്ദേഹം പിന്നീട് അമേരിക്കയിലേയ്ക്ക് ചേക്കേറുകയായിരുന്നു.