ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇനി മുതല്‍ അമേരിക്കന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് കമ്പനിയുടെ ജീവനക്കാരന്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിഞ്ഞശേഷം കാമറൂണ്‍ ചെയ്യുന്ന സ്വകാര്യമേഖലയിലെ ആദ്യ ജോലിയായിരിക്കും ഇത്. ഇലക്ട്രോണിക് ട്രാന്‍സാക്ഷനുകള്‍ ലോകവ്യാപകമായി കൈകാര്യം ചെയ്യുന്ന ഫസ്റ്റ്ഡേറ്റ കോര്പറേഷന് എന്ന കമ്പനിയിലാണ് കാമറൂണ്‍ പ്രവേശിച്ചത്. മാസത്തില്‍ മൂന്ന് ദിവസം കാമറൂണ്‍ ഈ കമ്പനിയില്‍ ജോലി ചെയ്യും.
ആഗോളതലത്തില്‍ സ്വാധീനമുള്ള വ്യക്തികളില്‍ പ്രമുഖന് എന്നാണ് ഫസ്റ്റ് ഡേറ്റ കാമറൂണിനെ ഇതു സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശേഷിപ്പിച്ചത്. ആഗോളതലത്തില്‍ നിലവിലുള്ളതും പുതിയതുമായ വിപണികളില്‍ കമ്പനിയുടെ പാദമുദ്ര പതിപ്പിക്കാന്‍ കാമറൂണിന്റെ സാന്നിധ്യം തങ്ങള്‍ക്ക് സഹായകരമാകുമെന്നും കമ്പനി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം 11.6 ബില്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കിയ കമ്പനി 6 ദശലക്ഷം മര്‍ച്ചന്റ് ലൊക്കേഷനുകളിലായി സെക്കന്‍ഡില്‍ 2800 ട്രാന്‍സാക്ഷനുകളാണ് നടത്തുന്നത്.
മന്ത്രിമാര്‍ ചുമതല വിട്ടതിനു ശേഷം സ്വീകരിക്കുന്ന പുതിയ ജോലികള്‍ അംഗീകരിക്കുന്ന അഡൈ്വസറി കമ്മിറ്റി ഓണ്‍ ബിസിനസ് അപ്പോയിന്റ്മെന്റ്സ് കാമറൂണിന്റെ നിയമനത്തിന് അംഗീകാരം നല്കി. എംപി സ്ഥാനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രാജിവെച്ചതിനാല്‍ ഇനി സ്വീകരിക്കുന്ന ശമ്പളം എത്രയാണെന്ന് കാമറൂണിന്ന് ഔദ്യോഗികമായി വെളിപ്പെടുത്തേണ്ടതില്ല. അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന കാമറൂണിന്റെ ഓര്മക്കുറിപ്പുകള്ക്ക് അഡ്വാന്‍സായി 8 ലക്ഷം പൗണ്ട് അദ്ദേഹം വാങ്ങിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Leave a Reply