ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്തോനേഷ്യ:- ഇന്തോനേഷ്യയിൽ കഴിഞ്ഞ ആഴ്ച കാണാതായ സബ് മറൈനിൽ ഉണ്ടായിരുന്ന 53 പേരും കൊല്ലപ്പെട്ടതായി മിലിറ്ററി വൃത്തങ്ങൾ ഞായറാഴ്ച സ്ഥിരീകരിച്ചു. കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ലഭിച്ചതിനെ തുടർന്നാണ് ഈ സ്ഥിരീകരണം. എന്താണ് സംഭവിച്ചത് എന്നതിന് ഇതുവരെയും വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമായിട്ടില്ല. ഞായറാഴ്ച പുലർച്ചെ 800 മീറ്ററോളം താഴ്ചയിൽ നിന്ന് കപ്പലിന്റെ സിഗ്നലുകൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഇത്രയധികം താഴ്ചയിൽ കപ്പലിന് പ്രഷർ താങ്ങാൻ പറ്റുകയില്ല എന്നാണു വിദഗ് ധർ വിശദീകരിക്കുന്നത്. അയൽരാജ്യമായ സിംഗപ്പൂർ നൽകിയ റെസ്ക്യൂ വെഹിക്കിൾ ഉപയോഗിച്ച് ഇന്തോനേഷ്യൻ നേവി കപ്പലിന്റെ അവശിഷ്ടങ്ങക്കായി തിരച്ചിൽ നടത്തി. മൂന്നു ഭാഗങ്ങളായാണ് കപ്പൽ വേർപെട്ടത് എന്നാണ് നേവി ചീഫ് യുഡോ മാർഗോണോ വിശദീകരിച്ചത്.

എമർജൻസി സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ഓറഞ്ച് നിറത്തിലുള്ള സേഫ്റ്റി കിറ്റുകൾ, കപ്പലിന്റെ നങ്കൂരം എന്നിവ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിരിക്കുവാൻ സാധ്യതയില്ല എന്നാണ് നേവി അധികൃതർ വ്യക്തമാക്കുന്നത്. ട്രെയിനിങ്ങിനിടയിൽ ബുധനാഴ്ചയാണ് കപ്പൽ കാണാതാകുന്നത്. ഇതിനു ശേഷം നിരവധി യുദ്ധക്കപ്പലുകളും, പ്ലെയിനുകളും ഉപയോഗിച്ച് കപ്പലിനായി തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ചയാണ് കപ്പൽ മുങ്ങിയതായി മിലിറ്ററി അധികൃതർ സ്വീകരിച്ചത്. ഇന്തോനേഷ്യയുടെ ഏറ്റവും മികച്ച രാജ്യസ്നേഹികളായി കപ്പലിലുണ്ടായിരുന്ന നാവീകരെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വികോഡോ പ്രശംസിച്ചു. സംഭവത്തിൽ കപ്പലിൽ ഉണ്ടായിരുന്നവരുടെ കുടുംബങ്ങളോടുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

സംഭവത്തെ പറ്റി വ്യക്തമായ വിശദീകരണം ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അമിത പ്രഷർ മൂലമാണ് കപ്പൽ തകർന്നത് എന്നാണ് നിലവിലുള്ള കണ്ടെത്തൽ.1981 ലാണ് ജർമ്മൻ നിർമ്മിതമായ നാൻഗ്ഗല എന്ന ഈ അന്തർവാഹിനി ഇന്തോനേഷ്യയ്ക്ക് ലഭിക്കുന്നത്. ഇത്രയും വർഷങ്ങളുടെ പഴക്കം ആകാം ചിലപ്പോൾ അപകടകാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്.