ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഫാർമ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് കഫ് സിറപ്പുകൾ ഗാംബിയയിലെ കുട്ടികളിൽ ഗുരുതരമായ വൃക്ക തകരാറുകൾക്ക് ഇടയാക്കിയതായും ഇത് മൂലം 66 കുട്ടികൾ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നു.

‘ഗാംബിയയിൽ കണ്ടെത്തിയ നാല് മലിനമായ മരുന്നുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവ ഗുരുതരമായ വൃക്ക തകരാറുകൾക്കും കുട്ടികൾക്കിടയിൽ 66 മരണങ്ങൾക്കും കാരണമായി. ഈ യുവജനങ്ങളുടെ നഷ്ടം അവരുടെ കുടുംബങ്ങൾക്ക് ഹൃദയഭേദകമാണ്,’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ഉദ്ധരിച്ച് ആഗോള ആരോഗ്യ സംഘടന വ്യക്തമാക്കി.

‘ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിക്കുന്ന ചുമ, ജലദോഷ സിറപ്പുകളാണ് നാല് മരുന്നുകളും. ലോകാരോഗ്യ സംഘടന ഇന്ത്യയിലെ കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും കൂടുതൽ അന്വേഷണം നടത്തിവരികയാണ്,’ ആഗോള ആരോഗ്യ സംഘടന അറിയിച്ചു. അതേസമയം സംഭവത്തോട് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പ്രതികരിച്ചിട്ടില്ല.