ശബരിമല കര്‍മസമിതി നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താലിന് ബിജെപി പിന്തുണയുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നാമജപങ്ങളുമായി സമാധാനപരമായ മാര്‍ഗ്ഗത്തില്‍ പ്രക്ഷോഭം നയിച്ച് വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെ പോലീസ് അതിക്രൂരമായി തല്ലി ചതച്ചതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിന് ദേശീയ ജനാധിപത്യ സഖ്യം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായി മുന്നണി നേതൃത്വവും അറിയിച്ചു.

പത്തനംതിട്ടയില്‍ എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പത്രസമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കണെമെന്ന് നേതാക്കള്‍ പറഞ്ഞു.

അയ്യപ്പഭക്തരുടെ വേഷത്തിലെത്തിയത് ആർഎസ്എസ് ക്രമിനലുകളെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ തുറന്നടിച്ചു. സ്ത്രീകൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അനുവദിക്കാനാകില്ല. അക്രമം കാണിച്ചിട്ട് അത് അയ്യപ്പഭക്തന്റെ തലയിൽവെച്ച് കെട്ടാൻ ശ്രമിക്കുന്നുവെന്നും കടകംപള്ളി പറഞ്ഞു.
നിലയ്ക്കലിലെ ഏറ്റുമുട്ടലിന് പിന്നാലെ പമ്പയിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് നിരോധനാഞ്ജ തീരുമാനം വന്നത്. പൊലീസിനുനേരെ വ്യാപക കല്ലേറാണ് ഉണ്ടായത്.

പിന്നാലെ പൊലീസ് ലാത്തിവീശി. സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കിത്തുടങ്ങി. സ്ത്രീകളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പിരിഞ്ഞുപോകാനുള്ള നിര്‍ദേശം അവഗണിച്ചവരെ ബലംപ്രയോഗിച്ച് നീക്കി.
യുവതീ പ്രവേശനവിരുദ്ധസമരത്തിന്റെ പേരില്‍ നിലയ്ക്കലില്‍ തെരുവുയുദ്ധമാണ് നടന്നത്. വാഹനങ്ങള്‍ ആക്രമിച്ച സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശിയതോടെ മറുപക്ഷത്തുനിന്ന് വന്‍തോതില്‍ കല്ലേറുണ്ടായി. പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. ഓടിപ്പോയവര്‍ പലയിടങ്ങളില്‍ മറഞ്ഞുനിന്ന് ഒരേസമയം പൊലീസിനെ ആക്രമിച്ചു. ക്യാമറയും ഡിഎസ്എന്‍ജിയും ഉള്‍പ്പെടെ മാധ്യമങ്ങളുടെ വാഹനങ്ങളും ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തു. രാവിലെ മുതല്‍ സമരക്കാര്‍ വാഹനങ്ങള്‍ക്കുനേരെ നിരന്തരം ആക്രമണം നടത്തിയിരുന്നു.

എട്ട് മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിലയ്ക്കല്‍ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെയും കല്ലേറുണ്ടായി. ഉച്ചവരെ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ സമരക്കാര്‍ നിലയ്ക്കലിന്റെ നിയന്ത്രണം കൈവശപ്പെടുത്തുന്ന സ്ഥിതിയായിരുന്നു. ഇതേത്തുടര്‍ന്ന് മുന്നൂറോളം പൊലീസുകാരെ അധികം വിന്യസിച്ചാണ് പൊലീസ് കര്‍ശന നടപടിയിലേക്ക് കടന്നത്.

പലയിടങ്ങളില്‍ മറഞ്ഞുനിന്ന് ഒരേസമയം പൊലീസിനെ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാവിലെ മുതല്‍ സമരക്കാര്‍ നിരന്തരം വാഹനങ്ങള്‍ ആക്രമിച്ചിരുന്നു. എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം ആക്രമണമുണ്ടായി. കെഎസ്ആര്‍ടിസി ബസും പൊലീസ് വാഹനവും മാധ്യമങ്ങളുടെ കാറുകളും തകര്‍ന്നു. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. അക്രമികള്‍ എണ്ണത്തില്‍ കൂടുതലായതിനാല്‍ നിലയ്ക്കലേക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

സന്നിധാനത്ത് നാമജപപ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതും ആശങ്കയേറ്റി. പതിനെട്ടാംപടിക്കുമുന്നിലാണ് ഹിന്ദുമഹാസഭയുടെ പ്രതിഷേധം.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിവിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍. ല്‍സുപ്രീംകോടതിവിധി നടപ്പാക്കാനാകില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി. വിധി നടപ്പിലാക്കാനാകാതെ പോയാൽ രാജ്യത്തെ ഒരു കോടതിവിധിയും നടപ്പാക്കാനാകാത്ത സ്ഥിതി വരും. വിധിക്കെതിരെ സുപ്രീംകോടതിയെ തന്നെ സമീപിക്കുകയായിരുന്നു സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർ ചെയ്യേണ്ടിരുന്നതെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ശബരിമലയിൽ നടക്കുന്ന സംഘർഷത്തിൽ ബിജെപിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് ബിജെപി സംസ്ഥാന നേതാവ് കെസുരേന്ദ്രൻ. അമ്മമാരുടെ പ്രാർഥനാ നിരാഹാര സമരം മാത്രമാണ് ബിജെപി ആഹ്വാനം ചെയ്തത്. ഇപ്പോൾ നടക്കുന്ന അക്രമം അയ്യപ്പഭക്തരുടേതാണ്. ഇതിന് പ്രകോപനമുണ്ടാക്കിയത് സർക്കാരാണ്. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ വേറൊന്നും ചെയ്യില്ലെന്ന് സർക്കാർ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ രാത്രിമുതൽ സർക്കാരും ദേവസ്വം ബോർഡും വിധിനടപ്പാക്കാൻ തിടുക്കം കാട്ടുകയായിരുന്നു.
ബിജെപി സംഘപരിവാർ പ്രവർത്തകർ വളരെ സമാധാനപരമായാണ് സമരം ആഹ്വാനം ചെയ്തത്.

മാധ്യമപ്രവർത്തകരെ ആക്രമിച്ചത് ബിജെപി അല്ല. അക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ശബരിമലയിൽ തടിച്ചുകൂടിയ അയ്യപ്പഭക്തരുടെ ഉത്തരവാദിത്വം ബിജെപിക്കില്ല. അവരെല്ലാം ആർഎസ്എസും ബിജെപിയുമാണെന്ന് എങ്ങനെ വ്യാഖ്യാനിക്കാനാകും, സുരേന്ദ്രൻ പ്രതികരിച്ചു.
രാവിലെ മുതല്‍തന്നെ പമ്പയും പരിസരവും സംഘര്‍ഷഭൂമിയായി മാറിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനെത്തിയ യുവതിയെയും കുടുംബത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു മടക്കിയയച്ചു. പമ്പയില്‍ നാമജപം നടത്തി പ്രതിഷേധിച്ച തന്ത്രി കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇതില്‍ പ്രതിഷേധിച്ച് അതേസ്ഥലത്ത് ബിജെപി സമരം തുടങ്ങി. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും, 19ന് നടക്കുന്ന യോഗംവരെ ക്ഷമിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മനോരമ ന്യൂസിനോട് പറഞ്ഞു.

40 വയസുകഴിഞ്ഞ ആന്ധ്ര ഗോതാവരി സ്വദേശി മാധവിയാണ് സുപ്രീംകോടതി വിധിക്കുശേഷം മലചവിട്ടിത്തുടങ്ങിയ ആദ്യ യുവതി. മാധവിക്കും കുടുംബത്തിനും ആദ്യം പൊലീസ് സംരക്ഷണം ഒരുക്കി. എന്നാല്‍ പൊലീസ് പിന്‍മാറിയ ഉടന്‍ പ്രതിഷേധക്കാര്‍ യുവതിയെ കൂട്ടമായെത്തി പിന്‍തിരിപ്പിച്ചു. ഭയന്നുപോയ അവര്‍ പമ്പയിലേക്ക് മടങ്ങി. മലചവിട്ടാനെത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പായി ഇതോടെ പഴ്‍വാക്കായി

രാവിലെ മുതല്‍ രാഹുല്‍ ഈശ്വരന്‍റെ നേതൃത്വത്തില്‍ അയ്യപ്പ ധര്‍മസേന പ്രവര്‍ത്തകര്‍ പമ്പയില്‍ നിലയുറപ്പിച്ചു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചശേഷമാണ് മലചവിട്ടാന്‍ അനുദിച്ചത്. അന്തരിച്ച തന്ത്രി കണ്ഠര് മഹേശ്വരരിന്‍റെ ഭാര്യ ദേവകി അന്തര്‍ജനവും കുടുംബാംഗങ്ങളും പന്തളം കൊട്ടാരപ്രതിനിധികളും പിന്നീട് പ്രാര്‍ഥനയില്‍ അണിചേര്‍ന്നു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇവരെ അറസ്റ്റുചെയ്തു നീക്കി. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അതേസ്ഥലത്ത് സമരം തുടങ്ങി. ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.