ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ അവിസ്മരണീയ കഥാപാത്രങ്ങളാണ് അദ്ദേഹം അതുല്യമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഉന്നതങ്ങളിലേയ്ക്ക് എത്തിച്ചു.

റൊമാന്റിക് നായകനില്‍ നിന്ന് ആഴമുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം 80 കളില്‍ മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹം ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1966 ലാണ് ബോളിവുഡ് താരമായ സൈറ ഭാനുവിനെ വിവാഹം കഴിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.

1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. 2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.