ഡല്‍ഹിയില്‍ പടര്‍ന്നുപിടിച്ച കോവിഡിനെ തടയാനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇരുപത്തിയേഴുകാരനായ ഡോക്ടര്‍ ജോഗിന്ദര്‍ ചൗധരിയാണ് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത്. ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു ജോഗിന്ദര്‍ ചൗധരി.

രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇത് കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയാക്കി മാറ്റിയിരുന്നു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത്. ജൂണ്‍ 27നാണ് ജോഗിന്ദര്‍ ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോക് നായക് ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതോടെ സര്‍ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

3.4 ലക്ഷത്തിന്റെ ആശുപത്രി ബില്ലാണ് കുടുംബത്തിന് ലഭിച്ചത്. കര്‍ഷകനാണ് ജോഗിന്ദറിന്റെ അച്ഛന്‍. ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ ബില്ല്. സഹായം തേടി അച്ഛന്‍ ബാബാ സാഹേബ് അംബേദ്കര്‍ ഡോക്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചു.

തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ 2.8 ലക്ഷം രൂപ സ്വരൂപിച്ച് അച്ഛന് നല്‍കി. ഡോക്ടറുടെ കുടുംബത്തിന്റെ അവസ്ഥ അസോസിയേഷന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഡോക്ടറുടെ കുടുംബം.