ന്യൂഡല്‍ഹി: ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹിയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റില്‍. ഗ്രേറ്റര്‍ കൈലാഷില്‍ താമസിക്കുന്ന വരുണ്‍ അരോറ(37)യെയാണ് ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. താലിയം എന്ന രാസപദാര്‍ഥം ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കിയാണ് വരുണ്‍ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയതെന്നും ഇതേ ഭക്ഷണം കഴിച്ച വരുണിന്റെ ഭാര്യ ഇപ്പോഴും കോമയിലാണെന്നും പോലീസ് പറഞ്ഞു.

വരുണിന്റെ ഭാര്യാപിതാവും ഹോമിയോ മരുന്ന് നിര്‍മാതാവുമായ ദേവേന്ദ്ര മോഹന്‍ ശര്‍മ മാര്‍ച്ച് 21-ന് പോലീസില്‍ പരാതി നല്‍കിയതോടെയാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തന്റെ ഭാര്യ അനിത ശര്‍മ്മ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചെന്നും മരുമകന്‍ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നുമായിരുന്നു ദേവേന്ദ്രയുടെ പരാതി. ജനുവരിയില്‍ മരുമകന്‍ പാചകം ചെയ്തുനല്‍കിയ മീന്‍ കഴിച്ചതിന് ശേഷമാണ് ഭാര്യയും മക്കളും ആശുപത്രിയിലായതെന്നും ഇതില്‍ ഒരു മകള്‍ ഫെബ്രുവരിയില്‍ മരിച്ചെന്നും പരാതിയിലുണ്ടായിരുന്നു. പാചകം ചെയ്ത മീന്‍ മരുമകന്‍ കഴിച്ചില്ലെന്നും കൊച്ചുമക്കളെ കഴിക്കാന്‍ അനുവദിച്ചില്ലെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

അനിത ശര്‍മ്മയുടെ മൃതദേഹപരിശോധനയില്‍ ശരീരത്തില്‍ താലിയത്തിന്റെ സാന്നിധ്യം ഉയര്‍ന്ന അളവില്‍ കണ്ടെത്തി. പിന്നാലെ ആശുപത്രിയില്‍ കഴിയുന്ന വരുണിന്റെ ഭാര്യയുടെ രക്തപരിശോധനയിലും താലിയത്തിന്റെ സാന്നിധ്യം വ്യക്തമായി. ഇതോടെയാണ് വരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ പോലീസിന്റെ ആദ്യഘട്ട ചോദ്യംചെയ്യലില്‍ വരുണ്‍ കുറ്റം സമ്മതിച്ചിരുന്നില്ല. ഇതിനിടെ വരുണിന്റെ ലാപ്‌ടോപ്പും മറ്റും പോലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്റര്‍നെറ്റ് തിരച്ചില്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ താലിയത്തെക്കുറിച്ചും അത് എങ്ങനെ ശരീരത്തില്‍ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ചും പ്രതി തിരഞ്ഞതായി കണ്ടെത്തി. മാത്രമല്ല, സദ്ദാംഹുസൈന്റെ പുസ്തകത്തില്‍ ഇതേരീതിയില്‍ എതിരാളികളെ ഇല്ലാതാക്കിയ സംഭവങ്ങളും വിശദീകരിച്ചിരുന്നു. ഈ പുസ്തകത്തെക്കുറിച്ചും അതിലെ പേജുകളും ലാപ്‌ടോപ്പില്‍നിന്ന് കണ്ടെടുത്തു. ഓണ്‍ലൈന്‍ വഴിയാണ് പ്രതി താലിയം വാങ്ങിയതെന്ന് മനസിലായതോടെ ഇത് നല്‍കിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊറോണ വൈറസിന് ഹോമിയോ മരുന്ന് നിര്‍മിക്കാന്‍ തന്റെ ഭാര്യാപിതാവിന് താലിയം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് വരുണ്‍ താലിയം ഓര്‍ഡര്‍ ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കി. വരുണിനെ ഇയാള്‍ തിരിച്ചറിയുകയും ചെയ്തു. പിന്നാലെ വരുണ്‍ അരോറയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

ആറ് വര്‍ഷം മനസില്‍ കൊണ്ടുനടന്ന പ്രതികാരമാണ് തന്നെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വരുണ്‍ അരോറ പോലീസിന് നല്‍കിയ മൊഴി. കൊലപാതകരീതി തിരഞ്ഞെടുക്കാന്‍ സദ്ദാംഹുസൈന്‍ നടപ്പിലാക്കിയ രീതികളും പ്രചോദനമായെന്നും പ്രതി വെളിപ്പെടുത്തി.

ആറ് വര്‍ഷം മുമ്പ് വരുണിന്റെ പിതാവ് മരിച്ചിരുന്നു. പിന്നാലെ വരുണിന്റെ ഭാര്യ ഗര്‍ഭിണിയായി. ജനിക്കാന്‍ പോകുന്ന കുഞ്ഞ് പിതാവിന്റെ പുനര്‍ജന്മമാണെന്ന് പ്രതി വിശ്വസിച്ചു. എന്നാല്‍ ആരോഗ്യനില മോശമായതോടെ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രം നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വരുണ്‍ ഇതിനെ എതിര്‍ത്തെങ്കിലും ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് ഭാര്യയെയും അവരുടെ കുടുംബാംഗങ്ങളെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. ആദ്യം ഗര്‍ഭഛിദ്രം നടത്തിയതിന് ശേഷം പിന്നീട് വന്ധ്യതാചികിത്സയിലൂടെയാണ് വരുണിനും ഭാര്യയ്ക്കും രണ്ട് കുട്ടികളുണ്ടായത്.