കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം നടന്ന ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നു. അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു ചൂണ്ടിക്കാണിച്ച് ഡല്‍ഹി ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് പരിശോധന. കേസ് അന്വേഷിക്കുന്ന ഡിസിപി മനീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നര വര്‍ഷമായി ഈ മുറി പൂട്ടി മുദ്രവച്ചിരിക്കുകയാണ്. ഇതിനെതിരെ ഹോട്ടല്‍ അധികൃതര്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. മുറി പൂട്ടിക്കിടക്കുന്നതു മൂലം 50 ലക്ഷം രൂപയുടെ നഷ്ടം തങ്ങള്‍ക്കുണ്ടായി എന്നും വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണത്തില്‍ യാതൊരു പുരോഗമനവുമില്ലാത്ത സാഹചര്യത്തില്‍ മുറി തുറന്നു കൊടുക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ നാല് ആഴ്ചയ്ക്കുള്ളില്‍ മുറി തുറന്നു കൊടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അതിനു മുമ്പ് പരിശോധന നടത്താനും കോടതി അനുമതി നല്‍കിയിരുന്നു.

സുനന്ദയുടെ ദുരൂഹ മരണത്തില്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.