ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയ രോഗികളിൽ ഗാങ്റിനും, അതോടൊപ്പം തന്നെ കേൾവി ശേഷി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ഇന്ത്യൻ ഡോക്ടർമാർ. മുൻപ് കണ്ടെത്തിയ കോവിഡ് വൈറസ് വേരിയന്റ് ഇത്തരത്തിലുള്ള അവസ്ഥകൾ ഒന്നുംതന്നെ ഉണ്ടാക്കിയിരുന്നില്ല. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ തീവ്രത ഉള്ളതാണ് ഡെൽറ്റാ വേരിയന്റ്. സാധാരണയായുള്ള കോവിഡ് ലക്ഷണങ്ങളോടൊപ്പം തന്നെ, ഈ വേരിയന്റ് കണ്ടെത്തുന്ന രോഗികളിൽ ചിലരിൽ കേൾവി ശേഷി നഷ്ടപ്പെടുന്ന അവസ്ഥയും, രക്തയോട്ടം ഇല്ലാതെ ശരീരത്തിലെ ചില ഭാഗങ്ങളിൽ ഗാങ്റിനുകൾ രൂപപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധർ നേരത്തെ തന്നെ ഈ വേരിയന്റിനെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ ഇടയ്ക്ക് കണ്ട ക്രമാതീതമായ രോഗ വർദ്ധനവിന് ഈ വേരിയന്റാണ് കാരണം. എന്നാൽ ഈ വേരിയന്റ് കണ്ടെത്തിയ ബ്രിട്ടണിലെ രോഗികളിൽ ഇത്തരത്തിലുള്ള അവസ്ഥകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ഇത്തരമൊരു സാഹചര്യത്തിൽ ലോക്ഡൗൺ ജൂൺ 21 ന് ശേഷം വീണ്ടും നീട്ടേണ്ടി വരുമെന്ന ആലോചനയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൂടുതൽ പരീക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ വേരിയന്റിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ സാധിക്കുകയുള്ളൂ എന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർ അബ് ദുൽ ഗഫൂർ വ്യക്തമാക്കി. ചില ആളുകളിൽ രക്തയോട്ടം ഇല്ലാതെ കാലിന്റെ ചില ഭാഗങ്ങളും മറ്റു മുറിച്ചു മാറ്റേണ്ട അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഈ വേരിയന്റ് ജനങ്ങളിൽ മാത്രമല്ല ആരോഗ്യ വിദഗ്ധരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.