ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിനു ശേഷമുള്ള പോലീസ് നടപടികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ലണ്ടന്‍ ബ്രിഡ്ജിനു സമീപമുള്ള കാറ്റ്‌ജെന്‍ജാമേഴ്‌സ് ജര്‍മന്‍ ബിയര്‍ ബാറില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ബറോ മാര്‍ക്കറ്റിന് തൊട്ടടുത്തുള്ള ഇവിടേക്ക് പോലീസ് പാഞ്ഞെത്തുന്നതും ജനങ്ങളോട് മേശകള്‍ക്കടിയില്‍ കയറാനും കസേരകള്‍ മറയാക്കാനും ആവശ്യപ്പെടുന്നതുമാണ് ദൃശ്യത്തിലുള്ളത്. ദൃശ്യത്തില്‍ നിലവിളികളും കേള്‍ക്കാം. സായുധരായ പോലീസ് സംഘമാണ് ബാറില്‍ ഇരച്ചു കയറിയത്.

മറ്റൊരു വീഡിയോ ഫുട്ടേജില്‍ സുരക്ഷാ ഉദ്യോഗസ്ഥരും എമര്‍ജന്‍സി ജീവനക്കാരും തെരുവിലൂടെ ഓടിയെത്തുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. ജനങ്ങളെ സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഭീകരാക്രമണം ആരംഭിച്ചത്. ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടക്കാര്‍ക്കു നേരെ ഒരു വാന്‍ പാഞ്ഞു കയറുകയും മൂന്ന് പേര്‍ ജനങ്ങളെ കുത്തുകയുമായിരുന്നു.

ബറോ മാര്‍ക്കറ്റില്‍ പ്രവേശിച്ചാണ് അക്രമികള്‍ ആളുകളെ കുത്തിവീഴ്ത്തിയത്. ആക്രമണമുണ്ടായ ഉടന്‍ തന്നെ സ്ഥലത്തെത്തിയ സായുധ പോലീസ് മൂന്ന് അക്രമികളെ വെടിവെച്ച് വീഴ്ത്തിയെന്ന് മെറ്റ് പോലീസ് അറിയിക്കുന്നു. ഒരു പോലീസുകാരനും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുഖത്തും തലയിലും കാലുകളിലും കുത്തേറ്റ ഇയാള്‍ ചികിത്സയിലാണ്.