കൊച്ചി : വലിയ കുതിപ്പാണ് ബിറ്റ് കോയിനിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷം 70% കുടുതൽ ഉയർച്ചയാണ് നേടിയത്. ഷെയർ മാർക്കറ്ററുകളിൽ ഇ.ടി.എഫുകൾക്ക് നേരിട്ട് നിക്ഷേപം നടത്താനുള്ള അനുമതി ലഭിച്ചതാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. സമീപ കാലത്ത് ബിറ്റ് കോയിനിൽ ഉണ്ടായ വളർച്ച ശ്രദ്ധേയമാണ്. റെക്കോർഡ് ഉയരത്തിനു സമീപത്തേക്കാണ് കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷം വലിയ ഇടപാടുകൾ നടക്കാതിരുന്ന ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലും ഇത് ഊർജ്ജം പകർന്നിട്ടുണ്ട്.
വില വർധിക്കുന്നത്, കഴിഞ്ഞ കാലങ്ങളിലെ തകർച്ച മറക്കാൻ നിക്ഷേപകരെ സഹായിക്കുമെന്നാണ് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്. ക്രിപ്റ്റോ എക്സ്ചേഞ്ചായ FTX, വായ്പാ സ്ഥാപനമായ സെൽഷ്യസ് തുടങ്ങിയവ പാപ്പരായതും ഒക്കെ പ്രതികൂലമായി ബാധിച്ചുവെങ്കിലും അത് ക്രിപ്റ്റോ വ്യവസായത്തിൽ പെട്ടെന്ന് നിയമങ്ങൾ നടപ്പിലാക്കാൻ ഗവണ്മെന്റുകളെ പ്രേരിപ്പിച്ചു എന്നാണ് വിലയിരുത്തുന്നത്.
നിക്ഷേപകർക്ക് ഹ്രസ്വകാല ഓർമശക്തിയാണ് ഉള്ളതെന്ന് ഡ്യൂക് സർവ്വകലാശാലയിലെ ഫിനാൻസ് വിഭാഗം പ്രൊഫസർ കാംപ്ബെൽ ഹാർവി പറയുന്നു. വിപണിയിൽ വളർച്ച ഉണ്ടാകുമ്പോൾ നല്ല വാർത്തകൾക്ക് നിക്ഷേപകർ പ്രാധാന്യം നൽകും. ഇതോടൊപ്പം കഴിഞ്ഞ കാലങ്ങളിലെ മോശം വാർത്തകൾ അവഗണിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ച വരെ തുടർച്ചയായ 18 ദിവസങ്ങളിൽ യു.എസ് ബിറ്റ് കോയിൻ ഇടിഎഫിലേക്ക് ഫണ്ടുകൾ കൂടുതലായി എത്തിക്കൊണ്ടിരുന്നു. ബ്ലൂംബർഗ് ഡാറ്റ പ്രകാരം ഏകദേശം ഒരു ഡസൻ പ്രൊഡക്ടുകളുടെ നെറ്റ് സബ്സ്ക്രിപ്ഷൻ 15.6 ബില്യൺ ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞ ജനുവരിയിൽ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് കമ്മീഷൻ, ബിറ്റ് കോയിനിൽ നേരിട്ട് നിക്ഷേപം നടത്താൻ ഇ.ടി.എഫുകളെ അനുവദിച്ചിരുന്നു. ഇതാണ് ബിറ്റ് കോയിന്റെ ഡിമാൻഡ് ഉയർന്നു നിൽക്കാനുള്ള മറ്റൊരു പ്രധാന കാരണം.
Leave a Reply