ന്യൂസ് ഡെസ്ക് മലയാളം യുകെ

എല്‍ സാല്‍വഡോർ : ലോകത്തിലെ ആദ്യ ബിറ്റ് കോയിന്‍ നഗരം നിര്‍മ്മിക്കാന്‍ എല്‍ സാല്‍വഡോർ പദ്ധതിയിടുന്നതായി പ്രസിഡന്റ് നയീബ് ബുകെലെ അറിയിച്ചു. പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി എല്‍ സാല്‍വഡോര്‍ 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ 2022ല്‍ പുറത്തിറക്കും. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന ലാറ്റിന്‍ അമേരിക്കന്‍ ബിറ്റ്‌കോയിന്‍ ആന്‍ഡ് ബ്ലോക്‌ചെയിൻ കോണ്‍ഫെറൻസിന്റെ സമാപനത്തിലാണ് പ്രസിഡന്റ് നയിബ് ബുകെലെയുടെ പ്രഖ്യാപനം. ബിറ്റ് കോയിനിലൂടെ രാജ്യത്തെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം. ലാ യൂണിയന്‍ മുനിസിപ്പാലിറ്റിയിലാണ് ബിറ്റ്‌കോയിന്‍ സിറ്റി വരുന്നത്. വാറ്റ് ഒഴികെ മറ്റ് നികുതികളൊന്നും പുതിയ സിറ്റിയില്‍ ഉണ്ടാകില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

താമസസൗകര്യങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സേവനങ്ങള്‍, മ്യൂസിയങ്ങള്‍, വിനോദങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയവ ഉൾപ്പെടുന്ന നഗരം വൃത്താകൃതിയിലായിരിക്കും നിർമ്മിക്കുക. ബിറ്റ് കോയിന്‍ നഗരത്തിന്റെ നിര്‍മ്മാണത്തിന് നിശ്ചിത കാലയളവ് നല്‍കിയിട്ടില്ല. ജിയോതെർമൽ എനർജി ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഇതൊരു സമ്പൂര്‍ണ്ണ പാരിസ്ഥിതിക നഗരം (ecological city ) ആയിരിക്കുമെന്നും കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍ പൂജ്യമായിരിക്കുമെന്നും ബുകലെ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത വർഷം 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് ബ്ലോക് ചെയിന്‍ ടെക് ദാതാക്കളായ ബ്ലോക്ക് സ്ട്രീം ആണ്. ബിറ്റ് കോയിന്‍ നിയമപരമായ കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് എല്‍ സാല്‍വഡോർ. കഴിഞ്ഞ സെപ്റ്റംബറിലാണ് എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിന് അംഗീകാരം നല്‍കിയത്.