മഴക്കാലത്ത് പകർച്ചവ്യാധികള്‍ സംസ്ഥാനത്ത് പെറ്റു പെരുകാൻ സാധ്യത ഉണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധർ.
കാലാവസ്ഥ വ്യതിയാനവും, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും മൂലം മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വന്‍തോതില്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

ഇത്രയേറെ മഴ ലഭിക്കുന്ന കേരളത്തില്‍ ശുദ്ധജല വിതരണവും ലഭ്യതയും ഇപ്പോഴും കീറാമുട്ടിയായി നില്‍ക്കുകയാണ്. കഠിനമായ ചൂടുകാലത്ത് തൃശൂര്‍, മലപ്പുറം, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ മലയോര ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിരുന്നു.

മൂവായിരത്തോളം പേര്‍ക്ക് മഞ്ഞപ്പിത്തരോഗം പടരുകയും 18 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ 17 മരണങ്ങള്‍ മഞ്ഞപ്പിത്തബാധയെ തുടര്‍ന്നാണെന്ന് സംശയിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ അയ്യായിരത്തിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കാതെ വന്നുപോയി എന്നാണ് കരുതുന്നത്. ജലലഭ്യത കുറവായതാണ് മലയോര മേഖലകളില്‍ രോഗം പടരാന്‍ ഇടയായതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. രോഗം പടരുന്ന സ്ഥിതി ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേനല്‍ മഴ സജീവമായ മെയ് മാസത്തില്‍ തന്നെ പകര്‍ച്ചവ്യാധികളുടെ കണക്കുകളും വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച്‌ 1150പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 3770പേര്‍ ഡെങ്കി സംശയിച്ച്‌ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. 720 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 1659പേര്‍ സംശയത്തെ തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തു. 175462 പേരാണ് മെയ് മാസത്തില്‍ പനിക്ക് മാത്രമായി ചികിത്സ തേടിയത്. 192 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ മാത്രമാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി നോക്കിയാല്‍ സംഖ്യ ഇനിയും വര്‍ദ്ധിക്കും.

ഇടവിട്ട് മഴ പെയ്യുകയും ഒപ്പം ഇടവേളകളില്‍ കടുത്ത ചൂടുണ്ടാവുകയും ചെയ്യുന്നതു മൂലം ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വ്യാപനം വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുകള്‍ വഴി പരക്കുന്നതാണ്. എന്നാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. മഞ്ഞപ്പിത്തത്തേക്കാള്‍ അപകടകരമായ തോതില്‍ ഡെങ്കി വ്യാപനമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. അത്തരമൊരവസ്ഥ ഉണ്ടായാല്‍ അതിനെ നേരിടാന്‍ സജ്ജമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശ വാദം.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നുണ്ട്. ഇത് അപകടമാണ്. ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറന്മാരും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.