മധ്യപ്രദേശിലെ മുരേനയില്‍ നിന്ന് ഒരു പ്രാദേശികലേഖകന് ശനിയാഴ്ച പകര്‍ത്തിയ ചിത്രമാണിത്. വൃത്തിഹീനമായ പാതയോരത്ത് പൊട്ടിപ്പൊളിഞ്ഞ ചുമരും ചാരി അമ്പരന്നിരിക്കുന്ന എട്ട് വയസുകാരന്, അവന്റെ മടിയില്‍ തല വെച്ച് മണ്ണില്‍ കിടത്തിയിരിക്കുകയാണ് വെള്ളത്തുണി പുതപ്പിച്ച ഒരുകുഞ്ഞുശരീരം. തുണിക്കുള്ളില്‍ നിന്ന് നിശ്ചലമായ ഒരു കൈ പുറത്തേക്ക് നീണ്ടുകിടപ്പുണ്ട്. കുഞ്ഞനിയന്റെ ജീവനറ്റ ശരീരത്തില്‍ ഇരുകൈകളും വെച്ചിരിക്കുകയാണ് ആ എട്ട് വയസുകാരന്. നിസ്സഹായതയുടെ, ദയനീയതയുടെ നേര്‍ക്കാഴ്ച!
എട്ടുവയസ്സുകാരനായ ഗുല്‍ഷന്റേയും അച്ഛന് പൂജാറാമിന്റേയും ഒരു വാഹനത്തിനായുള്ള കാത്തിരിപ്പാണത്. രണ്ട് വയസുകാരന് രാജയുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍. അംബയിലെ ബദ്ഫ്ര ഗ്രാമത്തിലാണ് ഈ കുടുംബത്തിന്റെ വീട്. അവിടത്തെ പ്രാദേശിക ചികിത്സാകേന്ദ്രത്തില്‍ നിന്നാണ് മുരേനയിലെ ജില്ലാ ആശുപത്രിയിലേക്ക് രാജയെ കൊണ്ടുവന്നത്. അവനെ കൊണ്ടുവന്ന ആംബുലന്‍സ് ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരുന്നു.
അമിതവിളര്‍ച്ചയായിരുന്നു രാജയ്ക്ക്. അതിന്റെ ഭാഗമായി വയറില്‍ വെള്ളം കെട്ടി, വയര്‍ വീര്‍ത്തുവന്നു. കരള്‍രോഗമുണ്ടാകുമ്പോഴാണ് സാധാരണയായി ഈ അവസ്ഥയുണ്ടാകുന്നത്. ചികിത്സക്കിടെ രാജ മരിച്ചു. മകന്റെ ചികിത്സയ്ക്ക് പോലും ആവശ്യത്തിന് പണം കണ്ടെത്താനാകാതിരുന്ന പൂജാറാം ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരോട് മകന്റെ ശരീരം മുപ്പത് കിലോമീറ്റര്‍ അകലെയുള്ള നാട്ടിലെത്തിക്കാനുള്ള വാഹനം തേടി യാചിച്ചു.
ആശുപത്രിയില്‍ വാഹനം ലഭ്യമായിരുന്നില്ല. സ്വകാര്യവാഹനത്തിന് നല്കാന് ആ പാവപ്പെട്ട മനുഷ്യന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ 1,500 രൂപയാണ് പൂജാറാമിനോട് ആവശ്യപ്പെട്ടത്. അത് നല്കാന് പൂജാറാമിന് കഴിയുമായിരുന്നില്ല. രാജയുടെ മൃതദേഹവുമായി ഗുല്‍ഷനോടൊപ്പം പൂജാറാം ആശുപത്രിയിക്ക് പുറത്തിറങ്ങി.
നെഹ്റു പാര്ക്കിന് മുന്നിലുള്ള സ്ഥലത്ത് ഗുല്‍ഷനെ ഇരുത്തി ഒരു വാഹനം തേടി പൂജാറാം നടന്നു. അച്ഛന് മടങ്ങിയെത്തുന്നതും കാത്ത് ഗുല്‍ഷന്‍ അവിടെയിരുന്നു. അനുജന്റെ മൃതദേഹത്തില്‍ വന്നിരിക്കുന്ന ഈച്ചകളെ അകറ്റി, കവിളിലൂടെ ഇടയ്ക്ക് ഒലിച്ചിറങ്ങുന്ന കണ്ണീര്‍ത്തുള്ളികള്‍ തുടച്ചുള്ള അവന്റെ ഇരിപ്പ് കണ്ട് നാട്ടുകാര്‍ ചുറ്റും കൂടി. അവര്‍ അധികൃതരെ വിവരമറിയിച്ചു.
ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥനായ യോഗേന്ദ്ര സിങ് രാജയുടെ മൃതദേഹം ചുമന്ന് ഗുല്‍ഷനേയും കൂട്ടി ആശുപത്രിയിലേക്ക് മടങ്ങി. അവിടെ നിന്ന് അദ്ദേഹം പൂജാറാമിനും ഗുല്‍ഷനും രാജയുടെ മൃതദേഹവുമായി മടങ്ങാനുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്കി.
Leave a Reply