പ്രശസ്ത മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു മരണം.
ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.

ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്റെ മകന്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.

1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.