ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം. വളരുന്ന തലമുറയുടെ വിദ്യാഭ്യാസ കാര്യത്തിലുള്ള പുരോഗതിയെ കോവിഡ് എത്രമാത്രം ബാധിച്ചു എന്നതിന് ഇപ്പഴും കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. ലോകമെങ്ങുമുള്ള വിദ്യാർഥികളുടെ നൂറുകണക്കിന് അധ്യയന ദിനങ്ങളാണ് കോവിഡ് മൂലം നഷ്ടമായിരിക്കുന്നത്. അതുകൊണ്ടുതന്നെ 2022 -ലെ ജിസിഎസ്ഇ, എ -ലെവൽ പരീക്ഷകൾ കൂടുതൽ ലളിതമായി നടത്താനുള്ള ആലോചനയിലാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ്.

പരീക്ഷയിൽ ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള ടോപ്പിക്കുകൾ മുൻകൂട്ടി നൽകുക, ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്ക് നൽകുക എന്നിവയാണ് നിലവിലുള്ള പദ്ധതി . ഇതുമൂലം വിദ്യാർഥികൾക്ക് പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ ആയാസരഹിതമായി അഭിമുഖീകരിക്കാൻ സാധിക്കും . ഒക്ടോബറിലെ സ്കൂൾ ഹോളിഡേയ്ക്ക് മുമ്പായി അന്തിമ തീരുമാനത്തിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്തായാലും പദ്ധതി നടപ്പായാൽ മഹാമാരിയിലും സമർത്ഥമായി പഠിച്ച കുട്ടികൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.