ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടന്റെ പുതിയ കുടിയേറ്റം നയം എങ്ങനെ യുകെയിലെ മലയാളി സമൂഹത്തെ ബാധിക്കുമെന്നതിൻറെ നിരവധി വിശകലനങ്ങൾ മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉപരിപഠനത്തിനായി യുകെയിലെത്തുന്ന മലയാളി വിദ്യാർഥികളെ ബാധിക്കുന്ന സുപ്രധാനമായ പല മാറ്റങ്ങളും ഈ വർഷം ആരംഭം മുതലാണ് നിലവിൽ വന്നത്. ഇതിൻറെ ഫലമായി ഇനിമുതൽ ഗവേഷണ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പോടുകൂടി പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ സാധിക്കുന്നത്.

പുതിയ നിയമം ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത് മലയാളികൾക്കാണ്. യുകെയിൽ എത്തിച്ചേരാൻ മാത്രമായി ഭാര്യയോ ഭർത്താവോ സ്റ്റഡി വിസയിൽ എത്തിയ ആയിരങ്ങളാണ് ഇവിടെയുള്ളത്. നിയമം മാറുന്നതിന് മുമ്പ് തന്നെ സ്റ്റഡി വിസയ്ക്കായുള്ള നടപടിക്രമങ്ങൾ ആരംഭിച്ച ഒട്ടേറെ പേരാണ് പുതിയ നിയമ മാറ്റത്തിന്റെ വെളിച്ചത്തിൽ വെട്ടിലായിരിക്കുന്നത്. പലരും ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ ആണ് ലോണായി എടുത്തിരിക്കുന്നത്. നേരത്തെ സ്റ്റഡി വിസയിൽ വരുന്നവരുടെ ഭർത്താവ് ,ഭാര്യ, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർക്കായിരുന്നു ആശ്രിത വിസ അനുവദിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിരുദ വിദ്യാർഥികളുടെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റുകൾക്ക് പഴയതിൽ നിന്ന് മാറ്റമില്ല. ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യുകെയിൽ രണ്ട് വർഷവും പി എച്ച് ഡി വിദ്യാർത്ഥികൾക്ക് മൂന്നുവർഷവും പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ജോലി ചെയ്യാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. പുതിയ കുടിയേറ്റ നയം നിലവിൽ വന്നതോടെ യുകെയിലേയ്ക്ക് ഉള്ള മലയാളി വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്. ഇനി ഗവേഷണത്തിനും സ്കോളർഷിപ്പോടുകൂടിയും വരുന്ന ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ മാത്രമാണ് യുകെയിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷനു വേണ്ടി പരിശ്രമിക്കൂ.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂണിവേഴ്സിറ്റികളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കരകയറ്റാനാണ് വിദേശ വിദ്യാർഥികളെ ആകർഷിക്കാനുള്ള പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നടപ്പിലാക്കിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ മൂലധനമാണ് ഇതിലൂടെ യുകെയിലേയ്ക്ക് ഒഴുകിയെത്തിയത്. ആവശ്യമായ മൂലധന സമ്പാദനത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമായപ്പോൾ പെട്ടെന്ന് സർക്കാർ നയം മാറ്റിയത് മൂലം കണ്ണീരിലായത് ഒട്ടേറെ വിദ്യാർഥികളുടെ ഭാവി പ്രതീക്ഷകളെയാണ്.